മുംബൈ: ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ മാനേജരുടെ വീട്ടിൽ നാർക്കോട്ടിക്സ് കണ്ട്രോൾ ബ്യൂറോ റെയ്ഡ് നടത്തി. ദീപികയുടെ മാനേജർ കരിഷ്മ പ്രകാശിന്റെ വേസോവയിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ ചരസും ഹാഷിഷ് ഓയിലും പിടികൂടി. 1.7 ഗ്രാം ചരസും രണ്ട് കുപ്പി ഹാഷിഷ് ഓയിലാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്.
ബോളിവുഡിലെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകളിൽ നിന്നും നിരവധി പേരുടെ വിവരങ്ങൾ ലഭിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പിടിയിലായ ചില മയക്കുമരുന്ന് കച്ചവടക്കാരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം കരിഷ്മയിലേക്ക് എത്തിയത്.
എന്നാൽ കരിഷ്മ പ്രകാശ് ഒളിവിലാണ്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇവരുടെ പേരിൽ നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരുടെ ഫോൺ സ്വിച്ചോഫാണ്. കേസിൽ ദീപികയുടെ പങ്ക് ഇതുവരെ വ്യക്തമായിട്ടില്ലെന്നും കൂടുതൽ വിവരങ്ങൾക്കായി കരിഷ്മ പ്രകാശിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും നാർക്കോട്ടിക്ക്സ് കണ്ട്രോൾ ബ്യൂറോ അറിയിച്ചു.








