പാറ്റ്‌ന : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കർ പ്രസാദ്. റഫാൽ വിമാനങ്ങളെ സംബന്ധിച്ച് രാഹുൽ ഗാന്ധി നുണപ്രചരണം നടത്തിയെന്നും പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഐക്യരാഷ്ട്രസഭയിൽ രാഹുൽ ഗാന്ധിയുടെ പ്രസ്താവനകൾ ഉപയോഗിക്കുകയും ചെയ്തുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നേരത്തെ, ബീഹാറിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു. അതിനെതിരെ പ്രതികരിക്കുമ്പോഴാണ് രവിശങ്കർ പ്രസാദ് രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. ഇന്ത്യൻ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിക്ക് പ്രസക്തിയില്ലെങ്കിലും പാകിസ്ഥാൻ ടിവി നോക്കിയാൽ അദ്ദേഹത്തെ ധാരാളമായി കാണാമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു.
“രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയത്തിൽ ഒരിടവും അവശേഷിക്കുന്നില്ല. ഓരോ ദിവസവും എന്തെങ്കിലുമൊക്കെ പറയുകയാണ്. അദ്ദേഹത്തെ ആരും ഗൗരവമായി പരിഗണിക്കുന്നില്ല. രാഹുൽ കോൺഗ്രസ് പാർട്ടിയുടെ അധ്യക്ഷനായിരുന്ന വ്യക്തിയാണ്. ഇത്തരത്തിലാണോ അദ്ദേഹം സംസാരിക്കേണ്ടത്. ഇത് വ്യക്തമാക്കുന്നത് എത്ര ദയനീയമായ അവസ്ഥയിലാണ് കോൺഗ്രസ് പാർട്ടി ഇപ്പോഴുള്ളതെന്നാണ്”- അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post