വെല്ലിങ്ടൺ : ന്യൂസിലാൻഡ് പാർലമെന്റിൽ മലയാളത്തിൽ സംസാരിച്ച് മന്ത്രി സഭാംഗമായ പ്രിയങ്ക രാധാകൃഷ്ണൻ. ന്യൂസിലാൻഡിന്റെ സാമൂഹിക യുവജന, സന്നദ്ധ മേഖലകളുടെ ചുമതലയുള്ള പ്രിയങ്ക എറണാകുളം പറവൂർ സ്വദേശിനിയാണ്. ന്യൂസിലാൻഡ് പാർലമെന്റിൽ ഇതാദ്യമായാണ് മലയാളം മുഴങ്ങുന്നത്.
പ്രിയങ്കയുടെ മലയാളം സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിലെല്ലാം ഇപ്പോൾ വൈറലായി കൊണ്ടിരിക്കുകയാണ്. പാർലമെന്റിന്റെ ആദ്യ യോഗത്തിലാണ് പ്രിയങ്ക മലയാളത്തിൽ സംസാരിച്ചത്. ‘ എല്ലാ സുഹൃത്തുക്കൾക്കും എന്റെ സ്നേഹം നിറഞ്ഞ ആശംസകൾ. എല്ലാവർക്കും എന്റെ നന്ദി അറിയിക്കുന്നു’- എന്നാണ് പ്രിയങ്ക ന്യൂസിലാൻഡ് പാർലമെന്റിൽ പറഞ്ഞത്.
മാത്രമല്ല, ഈ പാർലമെന്റിൽ എന്റെ മാതൃഭാഷയായ മലയാളം ആദ്യമായിട്ടായിരിക്കും സംസാരിക്കുന്നതെന്ന് വിശ്വസിക്കുന്നുവെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പ്രിയങ്ക ജനിച്ചത് ചെന്നൈയിലാണ്. പിന്നീട് സിംഗപ്പൂരിലേക്ക് താമസം മാറുകയായിരുന്നു. ന്യൂസിലാൻഡിൽ എത്തുന്നത് പഠനത്തിനായിട്ടാണ്. 14 വർഷമായി ലേബർ പാർട്ടിയുടെ പ്രവർത്തകയാണ് പ്രിയങ്ക രാധാകൃഷ്ണൻ.
Discussion about this post