ന്യൂഡൽഹി: പശ്ചിമ ബംഗാളിലേക്ക് ദ്വിദിന സന്ദർശനത്തിനൊരുങ്ങി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. 2021 -ൽ നടക്കാൻ പോകുന്ന അസംബ്ലി തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പരിശോധിക്കാനാണ് അദ്ദേഹം പശ്ചിമ ബംഗാളിലെത്തുന്നത്.
സന്ദർശനത്തിന്റെ രണ്ടാം ദിവസം അമിത് ഷാ ദക്ഷിണേശ്വർ കാളി ക്ഷേത്രം സന്ദർശിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. അതേ ദിവസം ഉച്ചയ്ക്ക് ഗൗരംഗ് നഗറിലെ അഭയാർത്ഥികളോടൊപ്പം അദ്ദേഹം ഉച്ച ഭക്ഷണം കഴിക്കുകയും ചെയ്യും. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ഡൗൺ ഏർപ്പെടുത്തിയതിനു ശേഷമുള്ള അമിത് ഷായുടെ ആദ്യത്തെ പശ്ചിമ ബംഗാൾ സന്ദർശനമായിരിക്കുമിത്. ഇതിനു മുമ്പ് അദ്ദേഹം പശ്ചിമ ബംഗാളിലെത്തിയത് മാർച്ച് ഒന്നിന് പൗരത്വ ഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധങ്ങൾ നടക്കുന്നതിനിടെയാണ്.
അതേസമയം, നേരത്തെ ബംഗാളിലെ തൃണമൂൽ ഭരണത്തിനു അവസാനം കുറിയ്ക്കുമെന്ന് വ്യക്തമാക്കി അദ്ദേഹം രംഗത്തു വന്നിരുന്നു. 2021 ലെ പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ 294- ൽ 200 സീറ്റുകൾ ബിജെപി കരസ്ഥമാക്കുമെന്നും അമിത് ഷാ പറഞ്ഞു. മമത ബാനർജിയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായി പോരാടണമെന്ന് ബിജെപി പ്രവർത്തകരോട് അദ്ദേഹം നിർദേശിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Discussion about this post