കഴിഞ്ഞ വർഷം നവംബറിൽ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ (ജെഎൻയു) ‘ഗുണ്ടകൾ’ തകർത്ത സ്വാമി വിവേകാനന്ദന്റെ പ്രതിമ പുനഃസ്ഥാപിച്ചു. നവംബർ 12 ന് വീഡിയോ കോൺഫെറൻസിങ് വഴി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിമ അനാച്ഛാദനം ചെയ്യുമെന്ന് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ എം.ജഗദീഷ് കുമാർ അറിയിച്ചിട്ടുണ്ട്. നവംബർ 12ന് വൈകീട്ട് 6:30 ക്കായിരിക്കും ചടങ്ങുകൾ നടക്കുക.
ജെ.എൻ.യുവിലെ പൂർവ്വ വിദ്യാർത്ഥികളുടെ സഹകരണത്തോടുകൂടിയാണ് പ്രതിമ പുനഃസ്ഥാപിച്ചത്. 2018 -ലാണ് ജെ.എൻ.യു എക്സിക്യൂട്ടീവ് കൗൺസിൽ യൂണിവേഴ്സിറ്റിയുടെ അഡ്മിൻ ബ്ലോക്കിൽ പ്രതിമ സ്ഥാപിക്കാൻ തീരുമാനിക്കുന്നത്. എന്നാൽ, കഴിഞ്ഞ വർഷം ഉദ്ഘാടനം ചെയ്യുന്നതിനു മുമ്പ് ജെ.എൻ.യുവിലെ വിദ്യാർത്ഥി ഗുണ്ടകൾ പ്രതിമ നശിപ്പിക്കുകയായിരുന്നു.
ജവഹർലാൽ നെഹ്റു സർവകലാശാല ഹോസ്റ്റലിലെ ഫീസ് വർധനയ്ക്കും ഹോസ്റ്റൽ മാനുവൽ പരിഷ്കരിച്ചതിനുമെതിരെ വിദ്യാർത്ഥികൾ പ്രതിഷേധ സമരം നടത്തിയതിനു പിന്നാലെയാണ് സ്വാമി വിവേകാനന്ദന്റെ പ്രതിമ തകർന്ന നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥികൾ പ്രതിമയിൽ പെയിന്റ് പൂശുകയും പ്രതിമയ്ക്കു കീഴിൽ ബി.ജെ.പിയെ അവഹേളിക്കുന്ന രീതിയിലുള്ള വാക്കുകൾ എഴുതി വെയ്ക്കുകയും ചെയ്തിരുന്നു.












