വാഷിങ്ടൺ: അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം ആറാം മാസത്തിലേക്ക് കടക്കവേ, അസാധാരണമായ ഭീഷണിയുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ അടിയറവ് പറഞ്ഞ് വെള്ളക്കൊടി ഉയർത്തണമെന്ന് ആവശ്യപ്പെട്ട ട്രംപ്, തങ്ങളുടെ നയതന്ത്ര സഖ്യകക്ഷിയായ ഒമാനെതിരെയും കടുത്ത ബോംബാക്രമണ ഭീഷണി മുഴക്കി. ഫോക്സ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിലാണ് അന്താരാഷ്ട്ര നയതന്ത്ര ലോകത്തെ ഞെട്ടിച്ച ട്രംപിന്റെ പ്രതികരണം.
ലോകത്തെ പ്രമുഖ എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഒമാനും ഇറാനും പ്രത്യേകം ചർച്ചകൾ നടത്തുന്നതാണ് ട്രംപിനെ ചൊടിപ്പിച്ചത്. യുഎസിന്റെ ഉപരോധത്തെയും താൽപ്പര്യങ്ങളെയും മറികടന്ന് ഒമാൻ ഇറാനുമായി ഏതെങ്കിലും തരത്തിൽ ധാരണയിലാകാൻ ശ്രമിച്ചാൽ ഒമാന് നേരെ രൂക്ഷമായ ബോംബാക്രമണം നടത്തുമെന്നാണ് ട്രംപ് മുന്നറിയിപ്പ് നൽകിയത്. ‘ഒമാൻ തടസ്സമായി നിന്നാൽ അവരെ ഞങ്ങൾ ബോംബെറിഞ്ഞ് തകർക്കും’ എന്നായിരുന്നു ട്രംപിന്റെ വാക്കുകൾ.
ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിനായി ഇറാനും ഒമാനും ചേർന്ന് പ്രത്യേക ഗതാഗത മാപ്പ് തയ്യാറാക്കുകയും കരാർ അന്തിമഘട്ടത്തിലാണെന്ന് ഇറാനിയൻ വിദേശകാര മന്ത്രാലയം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപ് ഒമാനെതിരെ രംഗത്തെത്തിയത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിൽ മുൻപ് ഒപ്പുവെച്ച 60 ദിവസത്തെ താത്കാലിക ധാരണാപത്രത്തിന്റെ കാലാവധി അവസാനിച്ചെങ്കിലും കരാർ നീട്ടാൻ താല്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കി. അമേരിക്കയ്ക്ക് യാതൊരു തിടുക്കവുമില്ലെന്നും ഇറാനെ സാമ്പത്തികമായും സൈനികമായും പൂർണ്ണമായി തളർത്തുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











