തിരുവനന്തപുരം: സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ച സി.പി.എമ്മിന്റെ കാലടി വാർഡ് കേരള കോൺഗ്രസ് (എം)നു നൽകി സി.പി.എം. വാർഡിൽ നേരത്തെ പ്രഖ്യാപിച്ച ഡിവൈഎഫ്ഐ നേതാവ് ശ്യാം മോഹനെയാണ് പാർട്ടി പിൻവലിച്ചത്.
കേരള കോൺഗ്രസ് മാണി വിഭാഗത്തിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് നടപടി. സി.പി.ഐ നേരത്തെ നാലാഞ്ചിറ വാർഡ് കേരള കോൺഗ്രസ് (എം) നു വിട്ടു നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് കാലടി വാർഡ് കൂടി നൽകിയിട്ടുള്ളത്. കാലടിയിൽ കേരള കോൺഗ്രസ് പുതിയ സ്ഥാനാർത്ഥിയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് ലഭ്യമായ വിവരങ്ങൾ. ചുവരെഴുത്തും പോസ്റ്റർ ഒട്ടിക്കലും ഗ്രഹസന്ദർശനവും പകുതി പിന്നിട്ടതിനു ശേഷം പാർട്ടിയെടുത്ത ഈ തീരുമാനം പാർട്ടി പ്രവർത്തകരെ ചൊടിപ്പിച്ചിട്ടുണ്ട്.
ഈ മാസം 6 ന് ഘടക കക്ഷികളുമായുള്ള ചർച്ച പൂർത്തിയാകുന്നതിനു മുമ്പാണ് 70 സീറ്റിൽ സിപിഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. നേരത്തെ, കേരള കോൺഗ്രസ് ആവശ്യപ്പെട്ടത് ബീമാപള്ളിയായിരുന്നു. എന്നാൽ, സീറ്റ് വിട്ടുനൽകാൻ ലോക് താന്ത്രിക് ജനതാദൾ വിസമ്മതിച്ചതോടെയാണ് സിപിഎം കാലടി വാർഡ് വിട്ടുനൽകിയത്.












