കൊച്ചി: ശിവശങ്കരന് കുരുക്കിയത് സ്വപ്നയുടെ മൊഴിയെന്ന് ഇ.ഡി. സ്വപ്നയെ ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകളിലെ ശിവശങ്കറിന്റെ നേതൃത്വപരമായ പങ്കാളിത്തം പുറത്തായത്. സ്വപ്നയുടെ പങ്കാളിത്തം അറിയാമെന്ന് മാത്രമല്ല, അത് സ്വരൂപിക്കാനും വെളുപ്പിക്കാനും ശിവശങ്കർ കൂട്ടുനിന്നെന്ന് ഇഡി കോടതിയെ അറിയിച്ചു.
കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകളുള്ള സ്വപ്നയെ പലപ്പോഴും താൻ പണം നൽകി സഹായിച്ചിട്ടുണ്ട് എന്നാണ് ശിവശങ്കർ മൊഴി നൽകിയത്. എന്നാൽ, ഇയാൾ തന്നെ സ്വപ്നയുടെ പൊന്നും പണവും സൂക്ഷിക്കാൻ ബാങ്ക് ലോക്കർ എടുക്കാൻ നിർദ്ദേശിച്ചതാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. തിരുവനന്തപുരത്ത് രണ്ടു ബാങ്കുകളിൽ ലോക്കറുള്ള സ്വപ്നയെ വിശ്വസ്തനായ സ്വന്തം ചാർട്ടേഡ് അക്കൗണ്ടന്റിന്റെ ഉടമസ്ഥതയിൽ പുതിയ ലോക്കറെടുപ്പിച്ചത് ശിവശങ്കറാണ്.
ലോക്കറിൽ വച്ചിരിക്കുന്ന പണത്തെ കുറിച്ചും, അതിൽ നിന്നും പണം പിൻവലിക്കുമ്പോഴും അപ്പോൾ തന്നെ അറിയിക്കാൻ ശിവശങ്കർ നിർദ്ദേശിച്ചിരുന്നു. ഇത് ശിവശങ്കറിനുള്ള പണമാണെന്ന സ്വപ്നയുടെ മൊഴി സംബന്ധിച്ച ചോദ്യങ്ങളിൽ നിന്നും ശിവശങ്കർ ഒഴിഞ്ഞു മാറുകയും ചെയ്തു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ഇടി നൽകുന്ന അനുബന്ധ കുറ്റപത്രത്തിൽ ശിവശങ്കർ മൂന്നാം പ്രതിയാകും. സ്വപ്നയുടെ മൊഴി യു.എ.പി.എ കേസിലും ശിവശങ്കറിനെ ചോദ്യം ചെയ്യാൻ വഴിയൊരുക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












