മുംബൈ: റായ്ഗഡിലെ വനത്തില്‍ നിന്ന് ലഭിച്ച തലയോട്ടി ഷീനാ ബോറയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. ക്രേനിയോ ഫേഷ്യല്‍ സൂപ്പര്‍ ഇംപോസിഷന്‍ ടെസ്റ്റ് എന്ന ഫോറന്‍സിക് പരിശോധന നടത്തിയാണ് തലയോട്ടി ഷീനയുടേതാണെന്ന് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പുറത്ത് വന്ന പരിശോധന ഫലം മുംബയ് പൊലീസിന് കൈമാറി. വെള്ളിയാഴ്ചയാണ് റിപോര്‍ട്ട് മുംബൈ പോലീസിന് ലഭിച്ചത്. ഇതുസംബന്ധിച്ച വിവരങ്ങള്‍ അന്വേഷണസംഘം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രറ്റിന് മുന്നില്‍ വൈകാതെ ഹാജരാക്കും.
ഷീനയെ കഴുത്തു ഞെരിച്ചുകൊന്നുവെന്ന് പ്രതികളിലൊരാളായ ഡ്രൈവര്‍ ശ്യാംവര്‍ റായ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, ഷീനയുടെ മാതാവും കേസിലെ പ്രധാന പ്രതിയുമായ ഇന്ദ്രാണി മുഖര്‍ജി മകള്‍ അമേരിക്കയില്‍ ജീവിച്ചിരിക്കുന്നുവെന്ന നിലപാടിലായിരുന്നു.
തലയോട്ടി പരിശോധനയിലൂടെ ഷീനബോറ തന്നെയാണ് വധിക്കപ്പെട്ടതെന്ന് തെളിഞ്ഞതോടെ അന്വേഷണം ശരിയായ ദിശയില്‍ തന്നെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ്. ഡി.എന്‍.എ ടെസ്റ്റിന്റെ ഫലം വരാനിരിക്കുകയാണ്. ഫലം പോസിറ്റീവ് ആകുകയാണെങ്കില്‍ പ്രതികള്‍ക്കെതിരെ കുറ്റമറ്റ ചാര്‍ജ് ഷീറ്റ് തയാറാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.
ഷീനബോറയുടെ വിഡിയോകളും ഫോട്ടോകളും ലഭിച്ച തലയോട്ടിയും തമ്മിലുള്ള സാമ്യങ്ങള്‍ ശാസ്ത്രീയമായി പരിശോധിക്കുകയാണ് സ്‌കള്‍ഫോട്ടോ പരിശോധനയിലൂടെ ചെയ്യുന്നത്. തലയോട്ടിക്കു പുറമെ എല്ലുകളും പല്ലുകളും സംഭവസ്ഥലമായ റായ്ഗഡിലെ വനത്തില്‍ നിന്ന് വീണ്ടെടുക്കാന്‍ പൊലീസിന് കഴിഞ്ഞിരുന്നു.
30 ദിവസങ്ങള്‍ക്കുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനും 90 ദിവസങ്ങള്‍ക്കുള്ളില്‍ ചാര്‍ജ് ഷീറ്റ് തയ്യാറാക്കുകയുമാണ് ഖര്‍ പൊലീസ് അധികൃതര്‍ ലക്ഷ്യമിടുന്നത്.അന്വേഷണത്തിനിടെ ഷീനയുടെ പേരിലുള്ള ഒരു വ്യാജ ഇമെയില്‍ അക്കൗണ്ട് ഇന്ദ്രാണി ഉപയോഗിച്ചുവന്നിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇന്ദ്രാണിയുടെ ഓഫിസ് ജീവനക്കാരനാണ് ഈ അക്കൗണ്ട് നിര്‍മിക്കാനും ഷീനയുടെ വ്യാജ ഒപ്പ് ഇടാനും ഇന്ദ്രാണിയെ സഹായിച്ചിരുന്നത്. ഇയാളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
2012 മുതല്‍ 2014 വരെ ഈ അക്കൗണ്ടിലൂടെ ഇന്ദ്രാണി മുഖര്‍ജി ഷീനയെന്ന പേരില്‍ പീറ്റര്‍ മുഖര്‍ജി, മിഖായേല്‍, വിധി എന്നിവരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
Discussion about this post