അയോദ്ധ്യ: സൂര്യപ്രഭ ചൊരിഞ്ഞ് ദീപാവലി ആഘോഷിച്ച് ക്ഷേത്രനഗരമായ അയോദ്ധ്യ. വൈകുന്നേരം നാലുമണിയോടെ അയോധ്യയിൽ എത്തിച്ചേർന്ന യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഔപചാരികമായി സമ്പ്രദായപ്രകാരം ശ്രീരാമനെയും സീതയെയും സ്വാഗതം ചെയ്തു. ശേഷം അഞ്ചുമണിയോടെ പ്രതീകാത്മകമായി ‘രാജ്യാഭിഷേകം’ നടത്തി.
ശേഷം സരയൂനദി തീരത്തെത്തി ആരതി നടത്തിയ യോഗി, രാമപാദത്തിൽ ദീപം കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. നദികളിൽ തടിച്ചു കൂടിയ ജനക്കൂട്ടം, ദീപം പകർന്നു വാങ്ങി 5.5 ലക്ഷം മൺചിരാതുകൾ തെളിച്ചു. യോഗി ആദിത്യനാഥിനോടൊപ്പം, യുപി ഗവർണർ ആനന്ദിബെൻ പട്ടേലും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു.
ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള നാടൻ കലാരൂപങ്ങൾ ആഘോഷങ്ങൾക്ക് കൊഴുപ്പുകൂട്ടി. നാളെ രാവിലെ ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം യോഗി ആദിത്യനാഥ് ലക്നൗവിലേക്ക് മടങ്ങും.









