തായ്പേയ്: ഇന്ത്യക്കൊപ്പം ദീപാവലിയാഘോഷിച്ച് തായ്‌വാൻ. ഇന്നലെ 100 വർഷം പഴക്കമുള്ള പൈതൃക കെട്ടിടമായ തായ്‌പേയ് ഗസ്റ്റ് ഹൗസിലായിരുന്നു ദീപാവലി ആഘോഷങ്ങൾ നടന്നത്. തായ്‌വാന്റെ വിദേശകാര്യമന്ത്രി ജൗഷിയെ ജോസഫ് വുവും ചില എംപിമാരും ആഘോഷങ്ങളിൽ പങ്കെടുത്തിരുന്നു. ഇന്ത്യയ്ക്കു ദീപാവലി ആശംസകൾ നേർന്നതിനുശേഷം, ഒരുമിച്ച് നമ്മൾ കൂടുതൽ ശക്തരാണെന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.
തായ്പേയ് അസോസിയേഷന്റെ ഇന്ത്യൻ ഡയറക്ടർ ജനറൽ ഗൗരംഗലാൽ ദാസ് ഉൾപ്പെടെ ഇരുന്നൂറോളം നയതന്ത്രജ്ഞരും ആഘോഷപരിപാടികളിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ സംസ്‍കാരം തായ്‌വാനിലെ ജനങ്ങൾക്കു മുമ്പിൽ അവതരിപ്പിച്ച തായ്‌വാൻ സുഹൃത്തുക്കളെ അഭിനന്ദിക്കുന്നുവെന്ന് പരിപാടിയെ അഭിസംബോധന ചെയ്തുകൊണ്ട് ഗൗരംഗലാൽ ദാസ് പറഞ്ഞു. മാത്രമല്ല, ഇന്ത്യക്കായി തായ്‌വാൻ തുറന്നത് ഗസ്റ്റ് ഹൗസിന്റെ വാതിലുകൾ മാത്രമല്ലെന്നും തായ്‌വാന്റെ ഹൃദയവും മനസ്സും കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തായ്പേയ് ഗസ്റ്റ് ഹൗസിൽ തായ്‌വാൻ ഭരണകൂടമാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ചൈനയുമായി സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലും തായ്‌വാൻ ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമായി തുടരുകയാണെന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.








