ന്യൂഡൽഹി: ആർ.സി.ഇ.പി അംഗമാകാൻ വീണ്ടും ഇന്ത്യയ്ക്ക് ക്ഷണം. ചൈനയുൾപ്പെടെ 15 ഏഷ്യ-പസഫിക് രാജ്യങ്ങൾ ഇന്ന് ഒപ്പിട്ട ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറായ ആർ.സി.ഇ.പിയിലേക്കാണ് ഇന്ത്യയ്ക്ക് വീണ്ടും ക്ഷണം ലഭിച്ചിരിക്കുന്നത്.
2012-ൽ നിർദ്ദേശിക്കപ്പെട്ട കരാറിൽ നിന്ന് കഴിഞ്ഞവർഷം ഇന്ത്യ പിന്മാറിയിരുന്നു. ഇപ്പോൾ വീണ്ടും ഇന്ത്യ നിരീക്ഷക രാഷ്ട്രം എന്ന പദവിയിലെങ്കിലുമിരിക്കാനാണ് മറ്റ് അംഗങ്ങൾ ക്ഷണിക്കുന്നത്. 135 കോടി വരുന്ന ഇന്ത്യയിലെ വലിയ ജനസംഖ്യ, ആസിയാൻ വിഭാഗത്തിലെ തന്നെ ഏറ്റവും വലിയ വിപണിയാണ്. അതു കൊണ്ടു തന്നെ, വാണിജ്യ വികസനത്തിന് ഭാരതത്തിന്റെ വിപണി അത്യന്താപേക്ഷിതമാണ്.
ആഗോള മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ മൂന്നിലൊന്ന് ഈ കരാറിനു കീഴിൽ വരും. എങ്കിലും, ഇന്ത്യൻ വിപണിയിൽ പ്രളയം പോലെ വന്നു നിറയുന്ന ചൈനീസ് ഉൽപ്പന്നങ്ങളുടെ ആധിക്യം മൂലം, ദീർഘവീക്ഷണത്തോടെ ഭാരതം ഈ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു.








