ലക്നൗ: അഴിമതിക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടിയുമായി ഉത്തർ പ്രദേശ് സർക്കാർ. കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയിൽ നിന്നും ആനുകൂല്യം പറ്റിയതായി തെളിഞ്ഞ 27 ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടിക്ക് സർക്കാർ തയ്യാറാകുന്നത്. ഇവരിൽ മജിസ്ട്രേറ്റുമാരും ഐപിഎസ് ഉദ്യോഗസ്ഥരും തഹസീൽദാറും ഉൾപ്പെടുന്നു.
ജൂലൈ 2, 3 തീയതികളിലായി കാൺപുരിൽ നടന്ന ഏറ്റുമുട്ടലുകളിൽ എട്ട് പൊലീസുകാരെ വികാസ് ദുബെയും സംഘവും കൊലപ്പെടുത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ നിയോഗിക്കപ്പെട്ട പ്രത്യേക സംഘത്തിന്റെ അന്വേഷണ റിപ്പോർട്ടിന്മേലാണ് സർക്കാർ നടപടിക്ക് തയ്യാറായിരിക്കുന്നത്.
ഭൂമാഫിയ പ്രവർത്തനങ്ങൾക്കും ആയുധങ്ങളുടെ ദുരുപയോഗത്തിനും ദുബെയെ സഹായിച്ച ഉദ്യോഗസ്ഥർക്കെതിരെയാണ് അന്വേഷണ സംഘം തെളിവുകൾ സഹിതം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.
അറസ്റ്റ് ചെയ്യാൻ വികാസ് ദുബെയുടെ വീട്ടിലെത്തിയ എട്ട് പൊലീസുകാരെയാണ് ദുബെയും സംഘവും വെടിവെച്ചു കൊന്നത്. തുടർന്ന് സംസ്ഥാനം വിട്ട ദുബെ പിനീട് മധ്യപ്രദേശിൽ പിടിയിലായിരുന്നു. ഉത്തർപ്രദേശിൽ എത്തിച്ച ശേഷം പൊലീസ് പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച ദുബെയെ യുപി പൊലീസ് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.










