ന്യൂഡൽഹി: ഓക്സ്ഫോർഡ് കോവിഡ് പ്രതിരോധ വാക്സിൻ അടുത്ത വർഷം ഫെബ്രുവരിയോടെ ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സിഇഒ അദാർ പൂനെവാല. ആരോഗ്യ പ്രവർത്തകർക്കും വയോധികർക്കുമായിരിക്കും ഫെബ്രുവരിയിൽ വാക്സിൻ ലഭ്യമാക്കുക.
ഏപ്രിലിൽ പൊതുജനങ്ങളിലേക്ക് വാക്സിനെത്തിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. രണ്ട് ഡോസ് വാക്സിന് പരമാവധി ആയിരം രൂപയായിരിക്കും ഈടാക്കുക. അന്തിമ പരീക്ഷണ ഫലങ്ങൾക്കും അനുമതികൾക്കും ശേഷമായിരിക്കുമിതെന്ന് അദ്ദേഹം വ്യക്തമാക്കി. മാത്രമല്ല, 2024 ഓടെ രാജ്യത്തെല്ലാവരും വാക്സിൻ എടുത്തിരിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവെച്ചു. ഹിന്ദുസ്ഥാൻ ടൈംസ് ലീഡർഷിപ്പ് ഉച്ചകോടി 2020-ലാണ് അദാർ പൂനെവാല ഇക്കാര്യങ്ങൾ പറഞ്ഞത്. പരമാവധി 5-6 യുഎസ് ഡോളറിന് ഒരു ഡോസ് വാക്സിൻ ലഭ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, കോവിഡ് വാക്സിൻ കുട്ടികൾക്ക് നൽകുന്നതിനു കുറച്ചുകൂടി കാത്തിരിക്കേണ്ടതായി വരും. കുട്ടികളിൽ പ്രതികൂലമായി പ്രവർത്തിക്കുകയില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രമേ വാക്സിൻ നൽകുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്. ഫെബ്രുവരിയോടെ പത്തുകോടി ഡോസുകൾ നിർമിക്കുകയാണ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ലക്ഷ്യം.








