ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നടക്കുന്ന അന്താരാഷ്ട്ര ഹ്യുമാനിറ്റേറിയൻ കോൺഫറൻസിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ പങ്കെടുക്കും. അഫ്ഗാൻ സർക്കാർ ആതിഥ്യം വഹിക്കുന്ന അന്താരാഷ്ട്ര സമ്മേളനം നവംബർ 23-24 തീയതികളിലായിരിക്കും നടക്കുക.
ഫിൻലാൻഡ് സർക്കാർ, ഐക്യരാഷ്ട്രസംഘടന എന്നിവരും മുഖ്യ പങ്കാളിത്തം വഹിക്കും. അഫ്ഗാനിസ്ഥാനിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും ഭീകരവാദം പരിഹരിക്കാൻ വേണ്ടി നടക്കുന്ന അന്താരാഷ്ട്ര യോഗത്തിൽ എഴുപതിലധികം രാഷ്ട്ര പ്രതിനിധികൾ പങ്കെടുക്കും. വിർച്വലായായിരിക്കും യോഗം നടക്കുക. അഫ്ഗാനിസ്ഥാനിൽ ഉള്ള സൈനിക ഗ്രൂപ്പുകളുടെ എണ്ണം കുറയ്ക്കുന്ന കാര്യം അമേരിക്ക പരിഗണിക്കുന്നുണ്ട്. ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും.
ഈ വർഷം ഫെബ്രുവരിയിൽ താലിബാൻ-അമേരിക്കൻ സമാധാന ചർച്ച നടന്നുവെങ്കിലും അഫ്ഗാനിസ്ഥാനിലെ തീവ്രവാദ പ്രവർത്തനങ്ങളും അട്ടിമറികളും ഇപ്പോഴും ഉച്ചസ്ഥായിയിൽ തന്നെയാണ്. ഇതിനൊരു അന്ത്യം കാണുക എന്നതായിരിക്കും ഈ അന്താരാഷ്ട്ര സമ്മേളനം കൊണ്ട് ഉദ്ദേശിക്കുന്നത്.












