കാഠ്മണ്ഡു: ഹുംലയിൽ നേപ്പാൾ ഭൂമി ചൈന കയ്യേറിയെന്ന വിവരം പുറത്തു വിട്ടതിനാൽ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് നേപ്പാൾ പ്രതിപക്ഷ നേതാവ് ജീവൻ ബഹദൂർ ഷാഹി. തനിക്കു എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദി ചൈനയായിരിക്കുമെന്നും ജീവൻ ബഹദൂർ ഷാഹി പറഞ്ഞു.
നേപ്പാളി കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവാണ് അദ്ദേഹം. ഹുംലയിൽ നേപ്പാളിന്റെ ഭൂപ്രദേശം കയ്യേറി ചൈന നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കാര്യം കർണാലു പ്രവിശ്യയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഷാഹി ഈ അടുത്തിടെയാണ് വെളിപ്പെടുത്തിയത്. എന്നാൽ, ഇക്കാര്യം നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി നിഷേധിച്ചിട്ടുണ്ട്.
സർക്കാർ ഉദ്യോഗസ്ഥരും കയ്യേറ്റത്തെകുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. തുടർന്ന്, ചൈനയുടെ കയ്യേറ്റത്തെ സംബന്ധിച്ച് ജീവൻ ബഹദൂർ ഷാഹി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.









