വെല്ലിംഗ്ടൺ: ഇടത് ഭൂരിപക്ഷമുള്ള ന്യൂസീലൻഡ് പാർലമെന്റിൽ സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ഞെട്ടിച്ച് ഇന്ത്യൻ വംശജൻ. ഹാമിൽട്ടൺ വെസ്റ്റിൽ നിന്നും ഭരണകക്ഷിയായ ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് പാർലമെന്റിൽ എത്തിയ ഡോക്ടർ ഗൗരവ് ശർമ്മയാണ് ന്യൂസീലൻഡ് പാർലമെന്റിൽ ആദ്യമായി സംസ്കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ചരിത്രം കുറിച്ചത്.
ന്യൂസീല്ലൻഡ് പാർലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുരില്‍ വേരുകളുള്ള ഗൗരവ് ശര്‍മ. ആദ്യം ന്യൂസീലൻഡിലെ പ്രാദേശിക ഭാഷയായ മാവോരിയിലും പിന്നീട് ക്ലാസിക്കല്‍ ഭാഷയായ സംസ്‌കൃതത്തിലുമാണ് ഗൗരവ് ശർമ്മ സത്യപ്രതിജ്ഞ ചെയ്തത്. ഇത് ഇന്ത്യയിലേയും ന്യൂസീലൻഡിലേയും സംസ്‌കാരങ്ങളോടുള്ള അതീവബഹുമാനത്തെ സൂചിപ്പിക്കുന്നുവെന്ന് ന്യൂസീലൻഡിലെ ഇന്ത്യന്‍ സ്ഥാനപതി മുക്തേഷ് പർദേശി ട്വീറ്റ് ചെയ്തു.
എല്ലാവരും ആദരിക്കുന്ന ക്ലാസിക്കൽ ഭാഷയാണ് സംസ്കൃതം. അതിനാലാണ് സത്യപ്രതിജ്ഞക്ക് വേദഭാഷ തിരഞ്ഞെടുത്തതെന്ന് ഗൗരവ് ശർമ്മ വ്യക്തമാക്കി. 1996 മുതല്‍ ന്യൂസീലൻഡില്‍ താമസമാക്കിയതാണ് ഗൗരവിന്റെ കുടുംബം. ഹാമില്‍ട്ടണ്‍ വെസ്റ്റില്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ടിം മകിന്‍ഡോയെ 4368 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഗൗരവ് പാർലമെന്റ് അംഗമായത്.












