പാകിസ്താന്റെ ഭൂപടം തന്നെ മാറ്റിമറിക്കാൻ നീക്കവുമായി സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. രാജ്യത്തെ നിലവിലുള്ള നാല് വലിയ പ്രവിശ്യകളായ പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്തുൻഖ്വ, ബലൂചിസ്ഥാൻ എന്നിവ വിഭജിച്ച് 12 മുതൽ 15 വരെ പുതിയ പ്രവിശ്യകളോ അല്ലെങ്കിൽ 160 ചെറിയ ഭരണ പ്രദേശങ്ങളോ ആക്കി മാറ്റാനാണ് സൈന്യം പദ്ധതിയിടുന്നത്. അന്താരാഷ്ട്ര മാധ്യമമായ ‘ദി ഇക്കണോമിസ്റ്റ്’ ആണ് പാകിസ്താൻ രാഷ്ട്രീയത്തിൽ വൻ ഭൂകമ്പം സൃഷ്ടിക്കാവുന്ന ഈ വിവരങ്ങൾ പുറത്തുവിട്ടിരിക്കുന്നത്.
ഭരണസൗകര്യവും വികസനവും മെച്ചപ്പെടുത്താനാണ് ഈ വിഭജനമെന്നാണ് സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം. നിലവിൽ പാകിസ്താന്റെ പകുതിയിലധികം ജനസംഖ്യയുള്ള (ഏകദേശം 12.8 കോടി) പഞ്ചാബ് പ്രവിശ്യയും വിശാലമായ ബലൂചിസ്ഥാനും ഭരിക്കാൻ പ്രയാസമാണെന്നും, കുടിവെള്ളം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങൾക്ക് നൽകാൻ നിലവിലെ ഭരണരീതിക്ക് സാധിക്കുന്നില്ലെന്നും അസിം മുനീർ വാദിക്കുന്നു. എന്നാൽ, ഇതിന് പിന്നിൽ സൈന്യത്തിന്റെ പൂർണ്ണ ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രപരമായ നീക്കമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നത്.
വലിയ പ്രവിശ്യകൾ വിഭജിക്കപ്പെടുന്നതോടെ നവാസ് ഷെരീഫിന്റെ പിഎംഎൽ-എൻ (PML-N), ബൂട്ടോ കുടുംബത്തിന്റെ പിപിപി (PPP) എന്നീ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ വോട്ട് ബാങ്കുകളും പ്രാദേശിക അധികാര കേന്ദ്രങ്ങളും പൂർണ്ണമായും തകരും. ഇമ്രാൻ ഖാനെ ജയിലിലടച്ച് തിരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ നിഴലാക്കി നിർത്തി രാജ്യം ഭരിക്കുന്ന അസിം മുനീറിന്, ചെറിയ പ്രവിശ്യകൾ നിലവിൽ വരുന്നതോടെ അവയെ എളുപ്പത്തിൽ നിയന്ത്രിക്കാനും സൈന്യത്തിന്റെ പിടിമുറുക്കാനും സാധിക്കും. സാമ്പത്തിക തകർച്ചയും ഭരണ പ്രതിസന്ധിയും നേരിടുന്ന പാകിസ്താനെ പൂർണ്ണമായി സൈനിക ഭരണത്തിന് കീഴിലേക്ക് മാറ്റാനുള്ള അസിം മുനീറിന്റെ ഈ നീക്കം രാജ്യത്ത് വലിയ ആഭ്യന്തര പ്രക്ഷോഭങ്ങൾക്ക് വഴിതെളിച്ചേക്കാം.












