കളിക്കളത്തിലെ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പാകിസ്താൻ ക്രിക്കറ്റ് ടീമിൽ വീണ്ടും നാടകീയ സംഭവങ്ങളും വിവാദങ്ങളും. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാൻ മൊഹ്സിൻ നഖ്വിയെ കാണാനെത്തിയ ദേശീയ ടീമിലെ പ്രമുഖ താരങ്ങളോട് തലയിലെ തൊപ്പി അഴിച്ചുമാറ്റാൻ ടീം മാനേജർ പരസ്യമായി ആവശ്യപ്പെടുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കടുത്ത അമർഷത്തിന് വഴിവെച്ചിരിക്കുന്നത്. രാജ്യത്തെ പ്രതിനിധീകരിക്കുന്ന മുതിർന്ന താരങ്ങളോട് സ്കൂൾ കുട്ടികളോടെന്ന പോലെ പെരുമാറിയ മാനേജ്‌മെന്റിന്റെ നയത്തിനെതിരെ വൻ പ്രതിഷേധമാണ് ഉയരുന്നത്.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച ഔദ്യോഗിക ടീം വിരുന്നിനിടെയായിരുന്നു നാടകീയ രംഗങ്ങൾ. പാക് താരം ഹസൻ നവാസ് പിസിബി ചെയർമാന് കൈകൊടുക്കാൻ എത്തിയപ്പോൾ, അടുത്തുനിന്ന ടീം മാനേജർ കൈവിരൽ ചൂണ്ടി തലയിലെ തൊപ്പി അഴിക്കാൻ ആംഗ്യം കാണിക്കുകയായിരുന്നു. തൊട്ടുപിന്നാലെ എത്തിയ ഫാസ്റ്റ് ബൗളർ നസീം ഷായോടും മാനേജർ ഇതേ രീതിയിൽ ആജ്ഞാപിക്കുകയും ഇരുവരും തൊപ്പി അഴിച്ചുമാറ്റി കൈകൊടുക്കുകയുമായിരുന്നു.
ദൃശ്യങ്ങൾ വൈറലായതോടെ പാക് ക്രിക്കറ്റ് ആരാധകരും കായിക നിരീക്ഷകരും മാനേജ്‌മെന്റിനെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രതികരിക്കുന്നത്. ‘ദേശീയ ക്രിക്കറ്റ് താരങ്ങൾ നിയന്ത്രണം പഠിപ്പിക്കേണ്ട കൊച്ചുകുട്ടികളല്ലെന്നും, ഔദ്യോഗിക ചടങ്ങുകളിൽ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് മുൻകൂട്ടി ധരിപ്പിക്കുന്നതിന് പകരം പരസ്യമായി ആംഗ്യം കാണിച്ച് അപമാനിക്കുകയാണ് ചെയ്തതെന്നും’ സോഷ്യൽ മീഡിയയിൽ ആരാധകർ കുറിച്ചു. 2026 ഏഷ്യൻ ഗെയിംസ് ഫൈനലിൽ ഇന്ത്യയോട് 19 റൺസിന് തോറ്റ് സ്വർണ്ണം കൈവിട്ടതിന് പിന്നാലെയാണ് പാക് ക്രിക്കറ്റിൽ പുതിയ വിവാദം പുകയുന്നത്.












