ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയും കടക്കെണിയിലൂടെയും കടന്നുപോകുന്ന പാകിസ്താൻ സർക്കാർ പണം കണ്ടെത്താൻ ഒടുവിൽ സോഷ്യൽ മീഡിയ കണ്ടന്റ് ക്രിയേറ്റർമാരെയും പൂട്ടുന്നു. രാജ്യത്ത് വളർന്നുവരുന്ന യൂട്യൂബർമാർ, ഇൻഫ്ലുവൻസർമാർ, ടിക്‌ടോക് താരങ്ങൾ എന്നിവരുടെ വരുമാനത്തിൽ നിന്ന് വൻ തുക നികുതിയായി ഈടാക്കാൻ നിർബന്ധിതമായിരിക്കുകയാണ് ഷെഹ്ബാസ് ശരീഫ് സർക്കാർ. നികുതി അടിത്തറ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഫെഡറൽ ബോർഡ് ഓഫ് റെവന്യൂ (FBR) ഇതുമായി ബന്ധപ്പെട്ട പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.
പുതിയ നികുതി മാനദണ്ഡങ്ങൾ പ്രകാരം യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ മോണിറ്റൈസ് ചെയ്ത കണ്ടന്റുകൾക്ക് ലഭിക്കുന്ന ഓരോ 1,000 കാഴ്ചകൾക്കും (views) 195 പാകിസ്താൻ രൂപയാണ് നികുതി നിർണ്ണയത്തിനുള്ള വരുമാനമായി FBR കണക്കാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടിക്‌ടോക് തുടങ്ങിയ പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലെ ക്രിയേറ്റർമാർക്കും ഈ നിയമം ബാധകമാണ്. കാഴ്ചകളുടെ എണ്ണം, കമ്പനികളിൽ നിന്നുള്ള പേയ്‌മെന്റുകൾ, സ്പോൺസർഷിപ്പുകൾ, ബ്രാൻഡ് പ്രൊമോഷൻ വഴി ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങൾ എന്നിവയെല്ലാം അടിസ്ഥാനമാക്കിയാണ് നികുതി തുക നിശ്ചയിക്കുന്നത്.
സെപ്റ്റംബർ 23-നാണ് FBR ഇത് സംബന്ധിച്ച ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കിയത്. ഒരു ക്രിയേറ്റർക്ക് പ്ലാറ്റ്‌ഫോമിൽ നിന്ന് യഥാർത്ഥത്തിൽ ലഭിക്കുന്ന വരുമാനമോ, അല്ലെങ്കിൽ ഓരോ 1,000 കാഴ്ചകൾക്കും 195 രൂപ വെച്ച് കണക്കാക്കുന്ന തുകയോ – ഇവയിൽ ഏതാണോ കൂടുതൽ, അതിനെ അടിസ്ഥാനമാക്കിയായിരിക്കും നികുതി ഈടാക്കുക. വീഡിയോ നിർമ്മാണ ചെലവുകൾക്കായി പരമാവധി 30 ശതമാനം വരെ ഇളവ് അനുവദിക്കുമെങ്കിലും ബാക്കി വരുന്ന 70 ശതമാനം തുക പൂർണ്ണമായും നികുതി നൽകേണ്ട വരുമാന പരിധിയിൽ ഉൾപ്പെടും.
എന്നാൽ സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി ക്രിയേറ്റർമാർ രംഗത്തെത്തിയിട്ടുണ്ട്. പാകിസ്താനിൽ നിർമ്മിക്കുന്ന വീഡിയോകൾക്കും ഇവിടുത്തെ പ്രേക്ഷകർ കാണുന്ന കണ്ടന്റുകൾക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറഞ്ഞ പേയ്‌മെന്റ് നിരക്കുകൾ (RPM) മാത്രമാണ് ലഭിക്കുന്നതെന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു. യൂട്യൂബിന്റെ വരുമാന രീതികൾ വളരെ സങ്കീർണ്ണമായിരിക്കെ FBR തികച്ചും ലളിതവൽക്കരിച്ച് നികുതി ചുമത്തുന്നത് നീതിയുക്തമല്ലെന്നാണ് ഇവരുടെ പരാതി. എന്നാൽ കണ്ടന്റ് ക്രിയേറ്റർമാരുമായി ചർച്ച നടത്തിയ ശേഷമാണ് ഈ തുക നിശ്ചയിച്ചതെന്നും, യഥാർത്ഥ വരുമാനം ഇതിലും കുറവാണെന്ന് തെളിവുകൾ ഹാജരാക്കിയാൽ അർഹമായ ഇളവുകൾ നൽകുമെന്നുമാണ് FBR നൽകുന്ന വിശദീകരണം.
ഇതിനുപുറമെ, കഴിഞ്ഞ ജൂലൈ മുതൽ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള ബാങ്ക് വരുമാനങ്ങൾക്ക് അഞ്ച് ശതമാനം മുൻകൂർ നികുതി പിടിച്ചുവെക്കാനും സർക്കാർ നിർദ്ദേശം നൽകിയിരുന്നു. ഒരു വർഷത്തിൽ 50,000-ത്തിലധികം ഉപയോക്താക്കൾ അല്ലെങ്കിൽ ഒരു പാദത്തിൽ (Quarter) 12,250-ത്തിലധികം ഉപയോക്താക്കളുമായി ഇടപഴകുന്ന ക്രിയേറ്റർമാർക്ക് ഈ കർശന നിയന്ത്രണങ്ങൾ ബാധകമാണ്. അന്താരാഷ്ട്ര നാണയ നിധിയിൽ (IMF) നിന്നുള്ള വായ്പകൾക്കായി പരക്കം പായുന്ന പാകിസ്താന്റെ ഈ കടുത്ത തീരുമാനം രാജ്യത്തെ ആയിരക്കണക്കിന് യുവാക്കളെയും ഡിജിറ്റൽ ക്രിയേറ്റർമാരെയുമാണ് അനിശ്ചിതത്വത്തിലാക്കിയിരിക്കുന്നത്.












