ചെന്നെെ: നിവാര്‍ ചുഴലിക്കാറ്റിനെ അതിതീവ്ര ചുഴലിക്കാറ്റായി പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിവാര്‍ നാശം വിതയ്ക്കുമെന്ന ആശങ്ക നിലനില്‍ക്കെ തമിഴ്നാട്ടില്‍ സംസ്ഥാന സര്‍ക്കാര്‍ നാളെ പൊതു അവധി പ്രഖ്യാപിച്ചു. അത്യാവശ്യ സേവനങ്ങള്‍ നാളെയും പ്രവര്‍ത്തിക്കും.
നിവാര്‍ 120 കിലോമീറ്റര്‍ വേഗതയില്‍ നാളെ വൈകിട്ട് കാരക്കലിനും മാമല്ലപുരത്തിനും ഇടയില്‍ തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ കടക്കുമെന്നാണു കാലാവസ്ഥ വകുപ്പ് പറയുന്നത്. ഇതിനു മുന്നോടിയായി പെയ്ത കനത്തമഴയില്‍ ചെന്നൈ വെള്ളക്കെട്ടിലായി. കല്‍പ്പാക്കം ന്യൂക്ലിയര്‍ റിയാക്ടര്‍ ടൗണ്‍ ഷിപ്പില്‍ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് കടന്നുപോകും വരെ പുറത്തിറങ്ങരുതെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. മഴ കൂടുതല്‍ തീവ്രമാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
11 ട്രെയിനുകള്‍ റദ്ദാക്കി. തീരദേശത്ത് ബസ് സര്‍വീസ് നിര്‍ത്തും.
തമിഴ്നാടിന്റെ തീരപ്രദേശങ്ങള്‍, വടക്ക് മേഖലയിലെ ഉള്‍ഭാഗങ്ങള്‍, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ നവംബര്‍ 25, 26 തിയതികളില്‍ വ്യാപകമായി ഇടിമിന്നലോടുകൂടിയ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്രാപ്രദേശിന്റെ തെക്കന്‍ തീരദേശം, റായലസീമ എന്നിവിടങ്ങളില്‍ 25, 26 തീയതികളിലും തെക്കുകിഴക്കന്‍ തെലങ്കാനയില്‍ 26നും വ്യാപകമായി ഇടിമിന്നലോടു കൂടി മഴയുണ്ടാകും.
തമിഴ്നാട്ടിനും പുതുച്ചേരിക്കും റെഡ് അലര്‍ട്ട് നല്കിയ കാലാവസ്ഥ വകുപ്പ് ആന്ധ്രയുടെയും തെലങ്കാനയുടെയും തീരദേശങ്ങളില്‍ മഞ്ഞ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.
നാളെ വരെ ബംഗാള്‍ ഉള്‍ക്കടലിന്റെ പടിഞ്ഞാറ്-തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ മത്സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും നിര്‍ത്തിവയ്ക്കാന്‍ കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു. ജീവന് നഷ്ടപ്പെടാതിരിക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും പുതുച്ചേരിയില്‍ 144 വകുപ്പ് പ്രഖ്യാപിച്ചു.
നിവാര്‍ നാശം വിതയ്ക്കാന്‍ സാധ്യതയുള്ള തമിഴ്നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ സ്ഥലങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 22 സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ പന്ത്രണ്ടും പുതുച്ചേരിയില്‍ മൂന്നും ആന്ധ്രയില്‍ ഏഴും സംഘങ്ങളെയാണ് വിന്യസിച്ചത്. ഗുണ്ടൂര്‍, തൃശൂര്‍, മുണ്ടിലി എന്നിവിടങ്ങളിലായി കൂടുതല്‍ സംഘങ്ങളെ സജ്ജമാക്കി നിര്‍ത്തിയിട്ടുമുണ്ട്.
ബംഗാള്‍ ഉല്‍ക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി 48 മണിക്കൂറിനുള്ളില്‍ ‘നിവാര്‍’ ചുഴലിക്കാറ്റായി മാറി തുടര്‍ന്ന് വീണ്ടും ശക്തി പ്രാപിച്ചു തീവ്രചുഴലിക്കാറ്റാകുമെന്ന് മുന്നറിയിപ്പ്. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്റര്‍ വേഗതയില്‍ കാരയ്ക്കലിനും മാമല്ലാപുരത്തിനുമിടയില് നവംബര്‍ 25 വൈകുന്നേരത്തോടെ കരയില്‍ പ്രവേശിക്കാന്‍ സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കുന്നു.
Discussion about this post