ചെന്നൈ: ശ്രീലങ്കൻ ബോട്ടിൽ തൂത്തുകുടി തീരത്ത് എത്തിക്കാൻ ശ്രമിച്ച 100 കിലോ ഹെറോയിൻ പിടികൂടി ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ഐസിജി). ഹെറോയിൻ പാകിസ്ഥാനിലെ കറാച്ചിയിൽ നിന്നും എത്തിച്ചതാണെന്നും പാശ്ചാത്യ നാടുകളിലേക്കും ഓസ്ട്രേലിയയിലേക്കും കയറ്റിയയക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നുമാണ് പ്രാഥമിക നിഗമനം.
ശ്രീലങ്കൻ ബോട്ടിലെ 6 ജീവനക്കാരെ ഐസിജി പിടികൂടിയിട്ടുണ്ട്. ഇതിൽ രണ്ടുപേർ ശ്രീലങ്കൻ പൗരന്മാരാണ്. 99 പാക്കറ്റ് ഹെറോയിൻ, സിന്തറ്റിക്ക് ഡ്രഗിന്റെ 20 ചെറിയ പെട്ടികൾ, അഞ്ച് എം. എം പിസ്റ്റളുകൾ, സാറ്റലൈറ്റ് ഫോൺ എന്നിവയും ഉദ്യോഗസ്ഥർ പിടിച്ചെടുത്തിട്ടുണ്ട്. ഈ മാസം 17 മുതൽ നടത്തിയ തിരച്ചിലിലും പരിശോധനയിലുമാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്. കൂടുതൽ വിവരങ്ങൾക്കായി പിടികൂടിയവരെ ചോദ്യം ചെയ്തുവരികയാണെന്ന് ഐസിജി ഉദ്യോഗസ്ഥർ പറഞ്ഞു.
അനധികൃതമായി കപ്പൽ മാർഗം ഇന്ത്യയിലെത്തിക്കുന്ന മയക്കുമരുന്ന് പിടികൂടുന്നതിനായുള്ള നീക്കങ്ങൾ നടത്തുന്നത് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ വൈഭവ്, വിക്രം, സമർ, അഭിവാവ്, ആദേശ് എന്നീ കപ്പലുകളാണ്. തൂത്തുകുടി തീരത്ത് ശ്രീലങ്കൻ ബോട്ടിൽ എത്തിക്കാൻ ശ്രമിച്ച 100 കിലോ ഹെറോയിൻ പിടികൂടിയത് ഐസിജിയുടെ വൈഭവ് കപ്പലാണ്.
Discussion about this post