മുംബൈ: ബോളിവുഡ് ചിത്രങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചിത്രീകരിക്കുന്നതിന്റെ സാധ്യതകള്‍ ചര്‍ച്ച ചെയ്യാന്‍ നടന് അക്ഷയ് കുമാറുമായി കൂടിക്കാഴ്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഖ്യമന്ത്രിയുടെ മഹാരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച.
ഖൊരഖ്പൂര്‍ എം.പിയും മുതിര്‍ന്ന നടനുമായ രവി കിഷനാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് സൗകര്യമൊരുക്കിയത്.
2018-ലെ ഫിലിം പോളിസി പ്രകാരം ചലച്ചിത്ര നിര്‍മാണമേഖലയ്ക്ക് ഊന്നല്‍ നല്‍കിയുള്ള വികസനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്. ബോളിവുഡ് ചിത്രങ്ങള്‍ യു.പിയില്‍ കേന്ദ്രീകരിക്കുന്നതോടെ പ്രാദേശിക ഭാഷയിലെ അഭിനേതാക്കള്‍ക്ക് കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരവും വരുമാനമാര്‍ഗ്ഗവും ലഭിക്കും. യു.പിയില്‍ ചിത്രീകരണം നടത്താന്‍ എല്ലാവിധ സൗകര്യങ്ങളും നിര്‍മാതാക്കള്‍ക്കും സംവിധായകര്‍ക്കും ഒരുക്കും, അദ്ദേഹം പറഞ്ഞു.
മേക്ക് ഇന്‍ ഉത്തര്‍പ്രദേശിന്റെ ഭാഗമായാണ് യോഗിയുടെ മഹാരാഷ്ട്ര സന്ദര്‍ശനം. മുംബൈയിലെ പ്രമുഖ വ്യവസായികളുമായും ബോളിവുഡിലെ മറ്റ് താരങ്ങളുമായും കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്തകളുണ്ടായിരുന്നു.
അക്ഷയ്കുമാറിന്റെ വരാനിരിക്കുന്ന ചിത്രം ‘രാം സേതു’ കൂടികാഴ്ച്ചയില്‍ ചര്‍ച്ചാ വിഷയമായെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുംബൈയിലെ ട്രൈഡെന്റ് ഹോട്ടലില്‍വെച്ചായിരുന്നു ഇരുവരുടേയും കൂടികാഴ്ച്ച. അഭിഷേക് ശര്‍മ സംവിധാനം ചെയ്യുന്ന രാം സേതു ഇതിനകം തന്നെ വിവിധ ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചിട്ടിട്ടുണ്ട്.
അതേസമയം ഉത്തര്‍പ്രദേശില്‍ നിര്‍മ്മിക്കാന്‍ പോകുന്ന ഫിലിം സിറ്റിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യോഗി ആദിത്യനാഥ് ചലച്ചിത്ര നിര്‍മ്മാതാക്കളുമായി കൂടികാഴ്ച്ച നടത്തുമെന്ന് രാഹുല്‍ മിത്ര പറഞ്ഞിരുന്നു. നോയിഡയില്‍ ഫിലിം സിറ്റി നിര്‍മ്മാണത്തെ കുറിച്ച് സെപ്തംബറിലായിരുന്നു യോഗിയുടെ പ്രഖ്യാപനം.
Discussion about this post