ഡൽഹി: കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്കിടയിൽ തീവ്രവാദികളും ഖാലിസ്ഥാന്വാദികളും നുഴഞ്ഞു കയറിയിട്ടുണ്ടെന്ന ആരോപണം ആവർത്തിച്ച് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. സമരക്കാർക്കിടയിലെ ഇത്തരം ശക്തികളെക്കുറിച്ച് സൂചനകൾ കിട്ടിയിട്ടുണ്ട്. വ്യക്തമായ തെളിവുകൾ ലഭിച്ചാൽ കർശനമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ ചില സമരാനുകൂലികൾ വിദ്വേഷ പ്രസ്താവനകൾ നടത്തിയത് ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പഞ്ചാബിനെ ഇന്ത്യയിൽ നിന്നും വേർപെടുത്താൻ ആഹ്വാനം ചെയ്യുന്ന ചില പ്രസ്താവനകൾ ഖാലിസ്ഥാന്വാദികൾ യുകെയിലും കാനഡയിലും ഉയർത്തിയത് കേന്ദ്ര സർക്കാർ അന്വേഷിച്ചു വരികയാണ്. ഇവയുമായി ബന്ധപ്പെട്ട വിവരങ്ങൾ കേന്ദ്ര സർക്കാരിന് യുകെ- കാനഡ സർക്കാരുകൾ നേരത്തെ തന്നെ കൈമാറിയിരുന്നു.
ഖാലിസ്ഥാൻ അനുകൂല തീവ്രവാദി നേതാക്കളായ ഗുർപത്വന്ത് സിംഗ്, ഹർദീപ് സിംഗ് നിജ്ജർ തുടങ്ങിയവരുടെ സ്വത്തുവകകൾ യുഎപിഎ പ്രകാരം എൻ ഐ എ കണ്ട് കെട്ടിയിരുന്നു. തീവ്രവാദികളായി പ്രഖ്യാപിക്കപ്പെട്ട ഇവരുടെ അനുയായികളെക്കുറിച്ച് നിലവിൽ കേന്ദ്ര ഏജൻസികൾ അന്വേഷിച്ചു വരികയാണ്.
പാകിസ്ഥാനിൽ നിന്നും തീവ്രവാദ പരിശീലനം നേടി ജർമ്മനി വഴി ഇംഗ്ലണ്ടിൽ പ്രവേശിച്ച ഗുർപത്വന്ത് സിംഗ്, നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണലുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചതിന് മുപ്പത് മാസം ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇയാളുടെ ആശയങ്ങൾ പിൻപറ്റുന്ന നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികൾ നിരീക്ഷണം ശക്തമാക്കിയതായാണ് സൂചനകൾ.
Discussion about this post