ചെന്നൈ: തമിഴ്നാട്ടിൽ ബുറേവി ചുഴലിക്കാറ്റിൽ മൂന്നുപേർ മരിച്ചു. മരിച്ചവരിൽ ഒരു അമ്മയും കുഞ്ഞും ഉൾപ്പെടുന്നുണ്ട്. കടലൂരിൽ വീട് തകർന്നാണ് 35 വയസ്സുള്ള യുവതിയും 10 വയസ്സുള്ള കുട്ടിയും മരിച്ചത്. മറ്റൊരു സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇതിനു പിന്നാലെ, ചെന്നൈയിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരണപ്പെട്ടു. തെക്കൻ തമിഴ്നാട്ടിൽ ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ കനത്തമഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ഇപ്പോഴുള്ളത് രാമനാഥപുരത്ത് നിന്നും 40 കിലോമീറ്ററും പാമ്പനിൽ നിന്നും 70 കിലോമീറ്ററും അകലെ മാന്നാർ കടലിടുക്കിലാണ്. അടുത്ത 12 മണിക്കൂറിനിടയിൽ ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി തമിഴ്നാട് തീരം തൊടുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.
തെക്കൻ തമിഴ്നാട്ടിലും പുതുച്ചേരിയിലും താഴ്ന്ന പ്രദേശങ്ങളിൽ കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് തുടരുകയാണ്. കടലൂരിൽ പത്തോളം വീടുകൾ പൂർണമായും നൂറ്റിയമ്പതോളം വീടുകൾ ഭാഗികമായും തകർന്നതായാണ് റിപ്പോർട്ടുകൾ. പലയിടത്തും കൃഷി നശിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിനെ തുടർന്ന് 77,000 -ത്തിലുമധികം ആളുകളെ മാറ്റിപാർപ്പിച്ചിരുന്നു.









