ബംഗലൂരു: കോൺഗ്രസ്സുമായി കൂട്ട് കൂടിയത് തന്റെ രാഷ്ട്രീയ ഭാവി തകർത്തെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി കുമാരസ്വാമി. കോൺഗ്രസ്സ് സഖ്യം തന്റെ സൽപ്പേര് നശിപ്പിച്ചുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ബിജെപിയുമായി സഖ്യത്തിലെത്തിയിരുന്നെങ്കിൽ ഇപ്പോഴും തനിക്ക് കർണ്ണാടക മുഖ്യമന്ത്രിയായി തുടരാമായിരുന്നു. കോൺഗ്രസുമായി ചേർന്ന് സർക്കാർ രൂപീകരിക്കുക എന്നത് തന്റെ തീരുമാനമായിരുന്നില്ലെന്നും അങ്ങനെ ചെയ്തത് പിതാവും പാർട്ടി തലവനുമായ എച്ച് ഡി ദേവഗൗഡ പറഞ്ഞിട്ടാണെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
താൻ കെണിയിൽ പെടുകയായിരുന്നു. കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയാണ് തന്നെ കുരുക്കിയത്. ബിജെപി പോലും ഇത്രയും വലിയ ചതി തന്നോട് ചെയ്തില്ലെന്നും കുമാരസ്വാമി കുറ്റപ്പെടുത്തി.
2018ൽ അധികാരത്തിൽ വന്ന കോൺഗ്രസ്- ജെഡിഎസ് സഖ്യസർക്കാർ 2019ൽ നിലം പൊത്തിയിരുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കുമാരസ്വാമിക്കെതിരെ സഖ്യകക്ഷിയായ കോൺഗ്രസ് നടത്തിയ നീക്കങ്ങളായിരുന്നു സർക്കാരിന്റെ പതനത്തിന് കാരണമായത്. തുടർന്ന് ബി എസ് യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വരികയായിരുന്നു.
Discussion about this post