മുംബൈ നഗരത്തിലേക്ക് ടാറ്റാ മോട്ടോഴ്സിന്റെ ഇലക്ട്രിക് ബസുകളെത്തി. കേന്ദ്ര സർക്കാരിന്റെ ഫേസ് 2 പദ്ധതിക്കു കീഴിൽ, ബ്രിഹൺ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബിഇഎസ്ടി)ഓർഡർ നൽകിയതനുസരിച്ചാണ് ആദ്യഘട്ടമായി കമ്പനി 26 ഇലക്ട്രിക് ബസ്സുകൾ മുംബൈയിലെത്തിച്ചത്.
മുംബൈയിലെ നരിമാൻ പോയിന്റിൽ നടന്ന ചടങ്ങിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ടാറ്റ അർബൻ 9/9 ഇലക്ട്രിക് ബസ്സുകൾ ഫ്ലാഗ് ഓഫ് ചെയ്തു. എയർകണ്ടീഷൻ ചെയ്ത, 25 പേർക്ക് ഇരിക്കാൻ സൗകര്യമുള്ള ബസ്സുകളാണ് ടാറ്റ അർബൻ 9/9 ഇലക്ട്രിക് ബസ്സുകൾ. കമ്പനി ആകെ 340 ഇലക്ട്രിക് ബസ്സുകൾ എത്തിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇലക്ട്രിക് മൊബിലിറ്റി സൊല്യൂഷനുകൾ നവീകരിക്കുന്നതിന് ടാറ്റാ മോട്ടോഴ്സിന്റെ ആഗോള ഉൽപാദന മാനദണ്ഡങ്ങളും വാഹന വികസന കേന്ദ്രങ്ങളും സഹായിച്ചിട്ടുണ്ടെന്ന് ഫ്ലാഗ് ഓഫ് ചടങ്ങിനുശേഷം ടാറ്റാ മോട്ടോഴ്സിന്റെ വാണിജ്യ വാഹന ബിസിനസ് യൂണിറ്റ് പ്രസിഡണ്ട് ഗിരീഷ് വാഗ് പറഞ്ഞു.
ഇനിയെത്താനുള്ള ബസ്സുകൾ ഷെഡ്യൂൾ അനുസരിച്ച് ഘട്ടംഘട്ടമായി എത്തിക്കുമെന്ന് ടാറ്റാ മോട്ടോഴ്സ് അറിയിച്ചിട്ടുണ്ട്. ബാക്ക്ബേ, വോർലി, മാൽവാനി, ശിവാജി നഗർ എന്നീ നാലു മുംബൈ ഡിപ്പോകളിലുടനീളം ബസ്സുകൾക്കൊപ്പം തന്നെ ചാർജിങ് ഇൻഫ്രാസ്ട്രക്ച്ചർ നിർമ്മിക്കാനും വിന്യസിക്കാനും പ്രവർത്തിപ്പിക്കാനും ശ്രമിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
Discussion about this post