ഡൽഹി: കൊവിഡ് വാക്സിൻ ഡോസിന് 250 രൂപ നിരക്കിൽ ഇന്ത്യക്ക് നൽകുമെന്ന് ഓക്സ്ഫഡ് വാക്സിൻ നിർമ്മാതാക്കളായ സിറം ഇൻസ്റ്റിറ്റ്യൂട്ട്. ആകെ ഉദ്പാദനത്തിന്റെ പകുതി വാക്സിനും ഇന്ത്യക്ക് വേണ്ടി മാറ്റി വെക്കുമെന്നും കമ്പനി വ്യക്തമാക്കി. ബ്രിട്ടിഷ്– സ്വീഡിഷ് കമ്പനിയായ അസ്ട്രാസെനക്കയ്ക്കു വേണ്ടി ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച വാക്സിൻ കൊവിഷീൽഡ് എന്ന പേരിലാണ് ഇന്ത്യയിൽ ലഭ്യമാക്കുക.
ഫെബ്രുവരിയിൽ 10 കോടി ഡോസ് വാക്സിനുകൾ നിർമ്മിക്കുമെന്നും 2021 ഏപ്രിലോടെ ഇത് പൊതുജനങ്ങൾക്ക് ലഭ്യമാക്കുമെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് സി ഇ ഓ ആദർ പൂനാവാല വ്യക്തമാക്കി. വാക്സിൻ വൻതോതിൽ വാങ്ങാൻ സർക്കാർ തലത്തിൽ ധാരണയായതിനെ തുടർന്നാണ് സർക്കാരിന് ഒരു ഡോസിന് 250 രൂപ നിരക്കിൽ നൽകാൻ സാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം കോവിഡ് വാക്സിന് അംഗീകാരം നൽകണമെന്നാവശ്യപ്പെട്ട് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ടും ഫൈസർ ഇന്ത്യയും സമർപ്പിച്ച അപേക്ഷകളിൽ ഉടൻ തീരുമാനമുണ്ടാകും. 62% മുതൽ 90% വരെ ഫലപ്രാപ്തിയുള്ള വാക്സിനാണ് കൊവിഷീൽഡ് എന്ന് യുകെ, ബ്രസീൽ എന്നിവിടങ്ങളിലായി നടന്ന ട്രയൽഫലം സൂചിപ്പിക്കുന്നതായി കമ്പനി വ്യക്തമാക്കി.
വാക്സിൻ വിതരണം സംബന്ധിച്ച അപേക്ഷകളിൽ പ്രാഥമിക പരിശോധന തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. വാക്സിനുകൾ തയാറാകും മുൻപു തന്നെ 160 കോടി ഡോസ് വാങ്ങാൻ വിവിധ കമ്പനികളുമായി ഇന്ത്യ ധാരണയുണ്ടാക്കിയിരുന്നു. 50 കോടി ഡോസ് കൊവിഷീൽഡ് വാക്സിനാണ് ഇന്ത്യ വാങ്ങുന്നത്. ഇത് കൂടാതെ യുഎസ് കമ്പനിയായ നോവാവാക്സിന്റെ 100 കോടി, റഷ്യയുടെ സ്പുട്നിക് 5 വാക്സീൻ 10 കോടി എന്നിവയും ഉടൻ ഇന്ത്യയിൽ എത്തും. ഇവയെക്കൂടാതെ ഭാരത് ബയോടെക്കിന്റെയും സൈഡസ് കാഡിലയുടെയും തദ്ദേശീയ വാക്സിനുകളും ഉടൻ ലഭ്യമാക്കാൻ ഇന്ത്യ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Discussion about this post