ചൈനീസ് ആപ്പുകൾ നിരോധിച്ചതിന് പിന്നാലെ ചൈനയ്ക്കെതിരെ പുതിയ നീക്കങ്ങളുമായി ഇന്ത്യ. ടെലികമ്മ്യൂണിക്കേഷൻ മേഖലയിൽ ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്രം.
ഇതു പ്രകാരം ഇനിമുതൽ ടെലികോം ഉൽപ്പന്നങ്ങൾ വിശ്വനീയമായവ, അല്ലാത്തവ എന്നിങ്ങനെ രണ്ടായി തരം തിരിക്കും. ദേശീയ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കാനുള്ള തീരുമാനത്തിന് ക്യാബിനറ്റ് കമ്മിറ്റി അംഗീകാരം നൽകിയതോടെ വാവേ, ഇസഡ്ടിഇ ഉൾപ്പെടെയുള്ള ചൈനീസ് ടെലികോം കമ്പനികൾക്ക് ഇത് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ചൈനീസ് സർക്കാരിനു വേണ്ടി ചാരപ്പണി നടത്തുന്നുവെന്ന ആരോപണങ്ങളുയർന്നതിനെ തുടർന്ന് അമേരിക്കയുൾപ്പെടെയുള്ള രാജ്യങ്ങളുടെ നിരീക്ഷണത്തിലുള്ള കമ്പനികളാണ് വാവേയും ഇസഡ്ടിഇയും.
ചില രാജ്യങ്ങൾ സുരക്ഷാ പ്രശ്നം ചൂണ്ടിക്കാട്ടി ഈ രണ്ടു കമ്പനികളുടെയും ഉത്പന്നങ്ങൾക്ക് നിരോധനമേർപ്പെടുത്തിയിട്ടുമുണ്ട്. വിശ്വസനീയമായ ഉൽപ്പന്നങ്ങൾ നിർണ്ണയിക്കുന്നതിനുള്ള രീതി ദേശീയ സൈബർ സെക്യൂരിറ്റി കോർഡിനേറ്ററായിരിക്കും ആവിഷ്കരിക്കുക.









