പാലക്കാട് : തദ്ദേശസ്ഥാപനങ്ങളിലെ അധ്യക്ഷൻമാരെ തിരഞ്ഞെടുക്കുന്നതിൽ ഒരിടത്തും യുഡിഎഫിനും എൽഡിഎഫിനും പിന്തുണ നൽകില്ലെന്ന് ബിജെപി. തദ്ദേശസ്ഥാപനങ്ങളിൽ ബിജെപി അംഗങ്ങളുടെ വോട്ട് നിർണായകമാണെങ്കിലും ഒരു സാഹചര്യത്തിലും പാർട്ടിയുടെ നിലപാടിൽ മാറ്റം വരുത്തേണ്ടന്നാണ് സംസ്ഥാന ഭാരവാഹികളുടെ ഓൺലൈൻ യോഗത്തിലെടുത്തിട്ടുള്ള തീരുമാനം.
പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് സാധ്യമായ സ്ഥലത്തെല്ലാം പാർട്ടി അംഗങ്ങളും മത്സരിക്കും. പാർട്ടി അംഗങ്ങൾക്ക് വോട്ടെടുപ്പിൽ നേതൃത്വം വിപ്പുനൽകും. ഭരണത്തിന് ബിജെപി സഹായം ആവശ്യമുള്ള മറ്റു പാർട്ടിയിലുള്ളവരും മുന്നണി സ്വതന്ത്രരും അവരുടെ രാഷ്ട്രീയ നിലപാടിൽ മാറ്റം വരുത്താൻ തയ്യാറായാൽ അവരെ പിന്തുണയ്ക്കുന്നത് ആലോചിക്കാമെന്നാണ് പാർട്ടി തീരുമാനിച്ചിട്ടുള്ളത്. എന്നാൽ ബിജെപിക്ക് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനം ലഭിക്കണമെന്നാണ് വ്യവസ്ഥ.
ജില്ലാ കമ്മിറ്റികൾക്ക് ഇതു സംബന്ധിച്ച് അടുത്തദിവസം വിശദമായ നിർദേശം നൽകും. പാലക്കാട് നഗരസഭയിൽ ഭൂരിപക്ഷത്തോടെ ഭരണത്തുടർച്ചയും പന്തളം എൽഡിഎഫിൽ നിന്നും പിടിച്ചെടുക്കാനും സാധിച്ചതോടെ തിരഞ്ഞെടുപ്പിൽ വളരെ വലിയ രീതിയിൽ എൻഡിഎ മുന്നേറി.
Discussion about this post