കൊവിഡ് വ്യാപനത്തെ തുടർന്ന് അടച്ചുപൂട്ടിയ സ്കൂളുകളും പ്രീ-യൂണിവേഴ്സിറ്റി കോളേജുകളും ജനുവരി 1 മുതല്‍ തുറക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക സര്‍ക്കാര്‍. പത്താം ക്ലാസ്, രണ്ടാം വര്‍ഷ പി.യു.സി (12-ാം ക്ലാസ്) വിദ്യാര്‍ത്ഥികള്‍ക്കുമാണ് ജനുവരി ഒന്നിന് തുടങ്ങുന്നത്.
ആറ് മുതല്‍ ഒമ്പത് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുന്ന വിദ്യാഗാമ പരിപാടി ആരംഭിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്തെ സ്കൂളുകളും പി.യു കോളേജുകളും വീണ്ടും തുറക്കുന്നതിനെക്കുറിച്ച് തീരുമാനിച്ചത്.
സംസ്ഥാനത്തെ സാങ്കേതിക ഉപദേശക സമിതി നല്കിയ നിര്‍ദേശങ്ങളുടെ ഭാഗമായാണ് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജനുവരി ഒന്നുമുതല്‍ 10, 12 ക്ലാസുകള്‍ ആരംഭിക്കാനും ആറാം ക്ലാസ് മുതല്‍ ഒന്‍പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യഗാമ പരിപാടിയിലൂടെ വിദ്യാഭ്യാസം നല്‍കാനും സമിതി നിര്‍ദ്ദേശിച്ചു. ഇത് എല്ലാവരും അംഗീകരിക്കുകയായിരുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ലാസുകള്‍ ആരംഭിച്ച് 15 ദിവസത്തെ സ്ഥിതിഗതികള്‍ അവലോകനം ചെയ്ത ശേഷം മറ്റ് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്കൂളുകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post