ഹൈദരാബാദ്: ഇന്ത്യയിപ്പോൾ ദുർബല രാഷ്ട്രമല്ലെന്നും ശത്രുവിന്റെ ഏതുതരത്തിലുള്ള ആക്രമണത്തിനും ഉചിതമായ മറുപടി നൽകാനുള്ള ശേഷി രാജ്യത്തിന് ഇപ്പോഴുണ്ടെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്.
വ്യോമസേനയുടെ പുതിയ കേഡറ്റുകളുടെ സംയുക്ത ബിരുദ പരേഡിനെ ഹൈദരാബാദ് ദുണ്ടിഗലിൽ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. “ഇത് പുതിയ ഇന്ത്യയാണ്, ഒരു ആക്രമണത്തെയും സഹിക്കില്ല. സംഘർഷത്തെക്കാൾ സംഭാഷണത്തിലൂടെ ഏത് പ്രശ്നവും പരിഹരിക്കുക എന്നതാണ് ലക്ഷ്യം. കോവിഡിന്റെ ദുഷ്കരമായ സമയങ്ങളിലൂടെ രാജ്യം കടന്നുപോകുമ്പോഴും, അതിർത്തിയിൽ ദുഷ്ടലാക്കോടെയാണ് ചൈന പ്രവർത്തിച്ചത്. എന്നാൽ ഇന്ത്യ ദുർബല രാഷ്ട്രമല്ലെന്ന് നമ്മൾ തെളിയിച്ചിട്ടുണ്ട്. അവർക്ക് ഉചിതമായ മറുപടി നൽകി”- രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.
അതിർത്തിയിൽ ചൈനയുടെയും പാകിസ്ഥാന്റേയും വെല്ലുവിളി തുടരുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു പരാമർശവുമായി രാജ്നാഥ് സിംഗ് രംഗത്ത് വന്നിരിക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും ചൈനയ്ക്കെതിരെ സ്വീകരിച്ച നിലപാടിന് ഇന്ത്യക്ക് വളരെയധികം അഭിനന്ദനം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.









