ഭുവനേശ്വര്‍: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച അഡ്വാന്‍സ്ഡ് ടൗഡ് ആര്‍ട്ടിലറി സിസ്റ്റം (എടിഎജിഎസ്) പീരങ്കികള്‍ സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്നു. ഒഡീഷയിലെ ബാലസോറില്‍ കഴിഞ്ഞ ദിവസം ഇതിന്റെ പരീക്ഷണം നടന്നു. ലോകത്തിലെ തന്നെ ഏറ്റവും മികച്ച തോക്കാണ് എടിഎജിഎസ് പീരങ്കികള്‍.
48 കിലോമീറ്റര്‍ ദൂരെ വരെയുള്ള ലക്ഷ്യത്തെ ഭേദിക്കാന്‍ ഇവയ്ക്കാകുമെന്നും ഇവയുണ്ടെങ്കില്‍ ഇറക്കുമതി ചെയ്ത തോക്കുകള്‍ ആവശ്യമില്ലെന്നും എടിഎജിഎസ് പ്രൊജക്ട് ഡയറക്ടറും ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനിലെ (ഡിആര്‍ഡിഒ) ശാസ്ത്രജ്ഞനുമായ ശൈലേന്ദ്ര വി. ഗാഡെ പറഞ്ഞു.
പ്രതിരോധ രംഗത്ത് രാജ്യം വളരെയധികം മുന്നോട്ട് പോയിരിക്കുന്നു. അതിന് തെളിവാണ് പരീക്ഷണം പൂര്‍ത്തിയാക്കി സൈന്യത്തിന്റെ ഭാഗമാകാനൊരുങ്ങുന്ന എടിഎജിഎസ് പീരങ്കികള്‍. ഭാവിയില്‍ ഇത്തരം സൈനിക ആയുധങ്ങള്‍ക്കായി ഇന്ത്യക്ക് മറ്റ് രാജ്യങ്ങളെ ആശ്രയിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ തന്നെ ചൈനയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിക്കിം പോലെയുള്ള പ്രദേശങ്ങളിലും പാക് അതിര്‍ത്തിയായ പൊഖ്റാന്‍, അതിന്റെ പരിസരപ്രദേശങ്ങള്‍ എന്നിവിടങ്ങളിലും 2000ത്തിലേറെ തവണ എടിഎജിഎസ് പീരങ്കികളുടെ പരീക്ഷണം നടന്നു. ഇസ്രയേലിന്റെ അഥോസ് തോക്കുകള്‍, ഇന്ത്യന്‍ സൈന്യത്തിന്റെ ബോഫോഴ്സ് പീരങ്കികള്‍ എന്നിവയെക്കാളൊക്കെ കരുത്തുറ്റതാണ് എടിഎജിഎസ് പീരങ്കികള്‍. ഡിആര്‍ഡിഒ വികസിപ്പിച്ച ഈ പീരങ്കികള്‍ ഭാരത് ഫോര്‍ജും ടാറ്റാ അഡ്വാന്‍സ്ഡ് സിസ്റ്റം ലിമിറ്റഡും ചേര്‍ന്നാണ് നിര്‍മിച്ചത്. സൈന്യത്തിന്റെ ഭാഗമാകുന്ന ഇവയെ അതിര്‍ത്തിയില്‍ വിന്യസിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഒരു മിനിറ്റില്‍ മൂന്ന് തവണ വെടിയുതിര്‍ക്കുന്ന പീരങ്കികളാണ് ഇതുവരെ ലോകത്തുണ്ടായിരുന്നത്. എന്നാല്‍, എടിഎജിഎസ് പീരങ്കികള്‍ ഒരു മിനിറ്റില്‍ അഞ്ച് തവണ വെടിയുതിര്‍ക്കും, ഗാഡെ വിശദീകരിച്ചു.
ദീര്‍ഘദൂര പീരങ്കികളായതിനാല് ശത്രു പീരങ്കികളുടെ ആക്രമണപരിധിയില്‍ പെടാതെ അവയെ ആക്രമിക്കാനും എടിഎജിഎസ് പീരങ്കികള്‍ക്ക് കഴിയും. നിലവില്‍ 1580 പീരങ്കി തോക്കുകളും 150 എടിഎജിഎസും, 144 ധനുഷ് തോക്കുകളുമാണ് ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധശേഖരത്തിലുള്ളത്. എന്നാല്‍ 1800 തോക്കുകള്‍ക്ക് പകരം നില്ക്കാന് എടിഎജിഎസ് പീരങ്കികള്‍ക്ക് സാധിക്കുമെന്നും ഗാഡെ കൂട്ടിച്ചേര്‍ത്തു.
Discussion about this post