ഹൈദരാബാദ് ; കുട്ടികളെ കടത്തുന്ന സംഘത്തിലെ ചില കണ്ണികളെ ഹൈദരാബാദ് പോലീസ് അറസ്റ്റു ചെയ്തു. അറസ്റ്റിലായ സംഘത്തിൽ നിന്ന് 11 കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളുൾപ്പെടെ 3 പേരെ പോലീസ് അറസ്റ്റു ചെയ്തു. സംഘത്തിലെ മറ്റ് എട്ടുപേരെക്കുറിച്ച് പോലീസ് വിവരം ലഭിച്ചിട്ടുണ്ട്.
വിവിധ സംസ്ഥാനങ്ങളിൽ ഈ സംഘത്തിന് വേരുള്ളതായാണ് പോലീസിൻറെ നിഗമനം. ഏറ്റവും ചെറിയ കുട്ടിക്ക് രണ്ടു മാസമാണ് പ്രായം.ഹൈദരാബാദിൻ്റെ പ്രാന്തപ്രദേശത്തുള്ള മേഡിപ്പള്ളി പോലീസ് സ്‌റ്റേഷൻ പരിധിയിൽ ഒരു പെൺകുഞ്ഞിൻ്റെ ‘വിൽപന’ സംബന്ധിച്ച് ഒരു വ്യക്തിയിൽ നിന്ന് മെയ് 22 ന് പരാതി ലഭിച്ചതോടെയാണ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചതെന്ന് രാചകൊണ്ട പോലീസ് കമ്മീഷണർ ഡോ തരുൺ ജോഷി പറഞ്ഞു .
ശോഭ റാണി, എം സ്വപ്‌ന എന്നീ രണ്ട് സ്ത്രീകളെയും കുഞ്ഞിനെ വിൽക്കാനുള്ള കരാർ മുദ്രവെക്കാൻ ശ്രമിച്ച ഷെയ്ക് സലീം എന്നയാളെയുമാണ് പോലീസ് ആദ്യം അറസ്റ്റു ചെയ്യുന്നത്. ആരോഗ്യ മേഖലയിൽ ആണ് ശോഭാ റാണി ജോലി ചെയ്യുന്നതെന്നും ഇവർ അറസ്റ്റിലായതോടെ സംഘത്തെക്കുറിച്ച് പോലീസിനു പൂർണ്ണ വിവരം ലഭിച്ചുവെന്നും തരുൺ ജോഷി വ്യക്തമാക്കി. 11 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി ശിശുക്ഷേമ ഹോമുകളിലേക്ക് അയച്ചതായും തരുൺ ജോഷി പറഞ്ഞു.
അറസ്റ്റിലായവരെല്ലാം തെലങ്കാന, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളിൽ ഉള്ളവരാണ്. ഡൽഹിയിലും പൂനെയിലുമുള്ള മൂന്ന് പേരാണ് കുട്ടികളെ സംഘത്തിനു നൽകിയിരുന്നതെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ന്യൂഡൽഹിയിൽ നിന്നുള്ള കിരൺ, പ്രീതി എന്നിവരിൽ നിന്നും പൂനെ ആസ്ഥാനമായി പ്രവർത്തിക്കുന്ന കണ്ണയ്യയിൽ നിന്നുമാണ് സംഘം കുഞ്ഞുങ്ങളെ വാങ്ങുന്നത്. ഈ രണ്ട് നഗരങ്ങളിൽ നിന്നും ഏകദേശം 50 കുഞ്ഞുങ്ങളെ അവർ സംഘത്തിന് നൽകിയിട്ടുണ്ടെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. പിന്നീട് കുട്ടികളെ ഏജൻ്റുമാർക്കും ഒടുവിൽ തെലങ്കാനയിലെയും ആന്ധ്രാപ്രദേശിലെയും കുട്ടികളില്ലാത്ത ദമ്പതികൾക്കും കൈമാറും .
ഒരു കുഞ്ഞിന് 1.8 ലക്ഷം മുതൽ 5.5 ലക്ഷം രൂപ വരെയായിരുന്നു വില. ഏജൻ്റുമാർക്കും ഇടനിലക്കാർക്കും പണം കൊടുത്ത് 50,000 മുതൽ ഒരു ലക്ഷം രൂപ വരെ ലാഭം സംഘാംഗങ്ങൾക്ക് ലഭിച്ചിരുന്നു. പാവപ്പെട്ട വീടുകളിൽ നിന്നാണ് കുട്ടികളെ വില്പനയ്ക്ക് എത്തിക്കുന്നത്. 1.8 ലക്ഷം മുതൽ 5.5 ലക്ഷം രൂപയ്ക്കു വരെയാണ് കുട്ടികളെ വിൽക്കുന്നത് . നിയമപ്രശ്നങ്ങൾ കാരണം ദത്തെടുക്കലിന് കാത്തിരിക്കാൻ മനസില്ലാത്ത ദമ്പതികൾക്കാണ് കുട്ടികളെ വിൽക്കുന്നത് . രണ്ടു മാസം മുതൽ രണ്ടു വയസുവരെ പ്രായമുള്ളവർ കുട്ടികളുടെ കൂട്ടത്തിലുണ്ട്.
ആരോഗ്യപ്രവർത്തകയായ ശോഭാ റാണിയിൽനിന്ന് കുഞ്ഞിനെ ദത്തെടുത്തതായി ഒരു കുടുംബം സ്ഥിരീകരിച്ചിട്ടുണ്ട്. നാലു ലക്ഷം രൂപയാണ് കുഞ്ഞിനായി നൽകിയതെന്നും കുടുംബം മാദ്ധ്യമങ്ങളെ അറിയിച്ചു. കുട്ടിയുടെ മാതാപിതാക്കൾ പാവപ്പെട്ടവരാണെന്നാണ് ശോഭാ റാണി പറഞ്ഞത്. കുട്ടി ഒരു വർഷമായി ഞങ്ങളോടൊപ്പമുണ്ട്. യഥാർഥ മാതാപിതാക്കളെ കണ്ടെത്തിയാൽ കുട്ടിയെ നൽകാൻ തയാറാണ്. രക്ഷിതാക്കൾ വന്നില്ലെങ്കിൽ നിയമപരമായി കുട്ടിയെ ദത്തെടുക്കാനും തങ്ങൾ തയാറാണെന്നും ദത്തെടുത്ത കുടുംബം വ്യക്തമാക്കി.
രണ്ടോ മൂന്നോ പേരുടെ ചെറിയ സെല്ലുകളിലായാണ് സംഘം പ്രവർത്തിക്കുന്നത്, അതിൽ ഉൾപ്പെട്ട മറ്റുള്ളവരെ കുറിച്ച് പരസ്പരം അറിയില്ല. കോൾ റെക്കോർഡുകൾ ഉപയോഗിച്ച്, ബാക്കിയുള്ള എട്ട് സംഘാംഗങ്ങളെ തിരിച്ചറിഞ്ഞു. വിൽക്കാനൊരുങ്ങിയ രണ്ട് കുഞ്ഞുങ്ങളെയാണ് ഞങ്ങൾ ആദ്യം രക്ഷിച്ചത്. പിന്നീട് മറ്റ് കുട്ടികളെ വാങ്ങിയ ദമ്പതികളിൽ നിന്ന് ഒമ്പത് കുഞ്ഞുങ്ങളെ കൂടി രക്ഷപ്പെടുത്തി. രണ്ടാമത്തെ ഓപ്പറേഷനിൽ, തെലങ്കാനയുടെയും ആന്ധ്രാപ്രദേശിൻ്റെയും വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുടുംബങ്ങളിലെ ആറ് കുഞ്ഞുങ്ങളെ ഞങ്ങൾ രക്ഷപ്പെടുത്തി. ഈ കുഞ്ഞുങ്ങളെ നിയമവിരുദ്ധമായി വാങ്ങിയവർക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മേഡിപ്പള്ളി പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ ആർ ഗോവിന്ദ് റെഡ്ഡി പറഞ്ഞു.










Discussion about this post