കൊച്ചി: മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്പ് അനിൽ പി.നെടുമങ്ങാട് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് കുറിപ്പ് വേദനയുണ്ടാക്കുന്നു. ഈയിടെ മരിച്ച പ്രശസ്ത സിനിമ സംവിധായകൻ സച്ചിയെ അനുസ്മരിച്ച് അനിൽ നെടുമങ്ങാട് ഇട്ട ഫേസ്‌ബുക്ക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുകയാണ്.
മരിക്കുന്നതിന് മണിക്കൂറുകൾ മുമ്പ് അനിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ സച്ചിയുമായുള്ള ഓർമ്മകൾ പങ്കു വച്ചിരുന്നു.
പോസ്റ്റിൻ്റെ പൂർണ്ണ രൂപം
“ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ്.ബി യിലെ കവർ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ …. ഷൂട്ടിനിടയിൽ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താൻ ലേറ്റായപ്പോ കുറച്ച് സെക്കന്റ് എന്റെ കണ്ണിൽ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാൻ പറഞ്ഞു ആയില്ല ആവാം .ചേട്ടൻ വിചാരിച്ചാൽ ഞാൻ ആവാം….സി.ഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാൻ നിരീക്ഷിച്ച് അവതരിപ്പിച്ചതാണ് .സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാൻ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു” എന്നാണ് അനിൽ ഫേസ്ബുക്കിൽ കുറിച്ചത്.
ഇന്ന് മലങ്കര ഡാമിൽ മറ്റൊരു തീരാ വേദനയായി അനിൽ അവസാനിച്ചപ്പോൾ അതിനു മണിക്കൂറുകൾ മുമ്പ് അദ്ദേഹം ഇട്ട പോസ്റ്റ് വൈറലായി മാറുകയാണ്. വൈകുന്നേരം ഏതാണ്ട് ആറ് മണിയോടടുത്തായിരുന്നു സംഭവം.
പീസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനായാണ് അനിൽ തൊടുപുഴയിൽ എത്തിയത്. ഇടവേളയ്ക്കിടയിൽ സുഹൃത്തുക്കളോടൊപ്പം തൊട്ടടുത്തുള്ള ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തിൽപ്പെടുകയായിരുന്നു.
Discussion about this post