ദുർഗ്ഗാ ദേവിയുടെ വിവിധ ഭാഗങ്ങളെ ആരാധിച്ചും വിദ്യയും കലകളും ഉപാസിച്ചും പൂജിച്ചും നവരാത്രി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കം ആയിരിക്കുകയാണ്. ഹെെന്ദവർ നവരാത്രി ആഘോഷങ്ങളിൽ മുഴുകുമ്പോൾ ശ്രീരാമ കൃഷ്ണ പരമഹംസരുടെയും ഗുരുവായ തോതാപുരിയുെടയും ദേവിദർശന കഥ ഓർമ്മപ്പെടുത്തി പ്രേം ശെെലേഷ് എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.
“ശക്തി എന്നൊന്ന ഒന്നില്ല,അത് കേവലം മിഥ്യയയാണ്…”
ദക്ഷിണേശ്വരത്തെ സ്‌നാന ഘട്ടുകളിൽ വേദാന്തം ചർച്ചയാകുമ്പോൾ ശ്രീരാമ കൃഷ്ണ പരമഹംസരുടെ ഗുരുവായ തോതാപുരി അദേഹത്തിൻ്റെ കാളി ഭക്തിയുടെ അസ്തിത്വത്തെ ചോദ്യം ചെയ്ത് കൊണ്ട് ഇങ്ങനെ സ്ഥാപിക്കാൻ ശ്രമിക്കാറുണ്ടായിരുന്നു…സ്വയമൊരു അദ്വൈതി ആയത് കൊണ്ടായിരിക്കാം,തോതാപുരിക്ക് രാമകൃഷ്ണൻ്റെ ആരാധനാ രീതികളോട് വലിയ താൽപ്പര്യം ഉണ്ടായിരുന്നില്ല…
ദക്ഷിണേശ്വരത്തെ വെള്ളമോ ഭക്ഷണമോ വായുവോ തോതാപുരിക്ക് അത്ര ഇഷ്ടമായിരുന്നില്ല..അത് അദേഹത്തിൻ്റെ ശരീരത്തെ ക്ഷയിപ്പിച്ച് തുടങ്ങി. ദക്ഷിണേശ്വരം വിട്ട് മറ്റെങ്ങോട്ടെങ്കിലും പോകാൻ അദേഹം തീരുമാനിച്ചു..ഈ തീരുമാനം അറിയിച്ച് യാത്ര പറയാൻ രാമകൃഷ്ണ പരമഹംസരുടെ അടുക്കലേക്ക് എത്തുന്ന തോതാപുരി വന്ന കാര്യം മറന്ന് അദ്ദേഹവുമായി പല പല കാര്യങ്ങളിൽ ചർച്ച നടത്തും..വേദാന്തം തുടങ്ങി എന്തെങ്കിലും കാര്യങ്ങളിൽ മുഴുകി അദേഹത്തിന് അവിടെ നിന്ന് പോകാൻ കഴിയാതെയായി…
അങ്ങനെ ശരീരം ആകെ ക്ഷീണിച്ച് തണുപ്പ് കലശലായ രാത്രിയിൽ അതിശക്തമായി ഒഴുകുന്ന ഗംഗയെ നോക്കി അദേഹം ശരീരമുപ്പേക്ഷിക്കാൻ തീരുമാനിച്ചു…ഘട്ടിൻ്റെ പടവുകൾ ഒന്നൊന്നായി ഇറങ്ങി അദേഹം നദിയിലേക്കിറങ്ങി..നടന്ന് നടന്ന് നീങ്ങിയിട്ടും നദി അദേഹത്തിൻ്റെ ശരീരത്തെ പൂർണമായും മുക്കിയില്ല.. നദിയുടെ നടുക്ക് എത്തിയതായി അദേഹത്തിന് തോന്നിയിട്ട് പോലും അദേഹം മുഴുവനായി മുങ്ങിയില്ല എന്നത് അദേഹത്തിന് അൽഭുതമായി തോന്നി…
പെട്ടെന്നാകമാനം സമീപത്ത് വല്ലാത്തൊരു പ്രകാശ വലയം അദേഹം ദർശിച്ചു..ചുറ്റിനും അദേഹത്തിന് കാണാൻ കഴിഞ്ഞത് കാളിയെ മാത്രമായിരുന്നു..ജലത്തിലും വിണ്ണിലും ഉള്ളിലും അങ്ങനെ സകലതിലും അമ്മ മാത്രം.. ദേവീദർശനം ലഭിച്ച ഭക്തന് പിന്നെ ആനന്ദം മാത്രമായിരിക്കും ഉണ്ടാവുക എന്നത് ഓർമ്മിപ്പിച്ച് കൊണ്ട് അംബാ അംബാ എന്ന് വിളിച്ചുകൊണ്ട് അദേഹം നദിയിൽ നിന്ന് കരയിലേക്ക് കയറി…
പിറ്റേന്ന് പ്രഭാതത്തിൽ തന്നെ കാണാനെത്തിയ രാമകൃഷ്ണ പരമഹംസരോട് അദേഹം നടന്നതെല്ലാം വിശദീകരിച്ചു…ശരീരം ക്ഷയിച്ച,ക്ഷീണിച്ച ഇന്നലെ വരെ കണ്ട തോതാപുരിയിൽ നിന്നും വ്യത്യസ്തനായ ചുറു ചുറുക്കുള്ള,ആരോഗ്യമുള്ള ഒരാളെയായിരുന്നു പരമഹംസർ അവിടെ കണ്ടത്..
“എനിക്ക് ഇവിടം വിട്ട് പോകണം,നിൻ്റെ അമ്മയോട് അതിനുള്ള അനുവാദം വാങ്ങി തരൂ” എന്ന് തോതാപുരി ആവശ്യപ്പെട്ടു…രാമകൃഷ്ണൻ തൻ്റെ ഗുരുവിനെയും കൂട്ടി കാളി ക്ഷേത്രത്തിൻ്റെ പടവുകൾ കയറി..പതിവായി തനിക്ക് മുന്നിൽ പ്രത്യക്ഷമാകാറുള്ള ദേവിക്ക് മുന്നിൽ രാമകൃഷ്ണനോടൊപ്പം ഗുരുവും സാഷ്ടാംഗം നമസ്കരിച്ച് പ്രാർത്ഥിച്ചു…
ദർശനം കഴിഞ്ഞ ശേഷം രാമകൃഷ്ണൻ ഒന്നേ തോതപുരിയോട് പറഞ്ഞിരുന്നുള്ളൂ;
“അമ്മയുടെ അസ്തിത്വത്തെ വകവെയ്ക്കാതെ, ‘ശക്തി കേവലം മിഥ്യയാണ്’ എന്നെല്ലാം എന്നോടു തർക്കിച്ചിരുന്നില്ലേ, ഇപ്പഴോ? പ്രത്യക്ഷമായി കണ്ടല്ലോ! ഇനി തർക്കത്തിന്നിടം ഇല്ലല്ലോ. ‘അഗ്‌നിയും അഗ്നിയുടെ ദാഹകശക്തിയും രണ്ടല്ലാത്തതുപോലെ, ബ്രഹ്‌മവും ശക്തിയും അഭിന്നമാണെന്ന് അമ്മ എനിക്ക് ആദ്യമേ മനസ്സിലാക്കിത്തന്നിരുന്നു.”
ലോകത്ത് മറ്റൊരു സംസ്ക്കാരവും ജനതയും സ്ത്രീയെ ആരാധിക്കാനായി,മാതൃഭാവത്തെ ആരാധിക്കാനായി ഒൻപത് ദിവസങ്ങൾ മാറ്റി വെയ്ക്കുന്നില്ല..ഭാരതത്തിൽ ഒൻപത് ദിവസങ്ങളിലായി കാളിയുടെ ഒൻപത് ഭാവങ്ങളെ ആരാധിക്കുന്നു..ദുർഗയായി,ശൈലപുത്രിയായി സരസ്വതിയായി…
ബ്രഹ്‌മവും ശക്തിയും അഭിന്നമാണെന്ന് അറിയാൻ..ശക്തിയില്ലാതെ ശിവൻ പോലുമില്ലെന്ന് അറിയാൻ…
നവരാത്രി വ്രതം അനുഷ്ഠിക്കുന്ന എല്ലാർക്കും ആശംസകൾ
Discussion about this post