ഭോപാൽ: ഉത്തർ പ്രദേശിന് പിന്നാലെ ലൗ ജിഹാദ് വിരുദ്ധ നിയമം പാസാക്കി മധ്യപ്രദേശ്. മതസ്വാതന്ത്ര്യ നിയമം എന്ന് പേരിട്ടിരിക്കുന്ന നിയമത്തിന് മന്ത്രിസഭ അംഗീകാരം നൽകി. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക മന്ത്രിസഭാ യോഗമാണ് നിയമം അംഗീകരിച്ചത്.
പുതിയ നിയമ പ്രകാരം നിർബ്ബന്ധിത മത പരിവർത്തനത്തിന് അഞ്ച് വർഷം വരെ തടവും ഇരുപത്തയ്യായിരം രൂപ പിഴയും ഈടാക്കാം. നിയമം കർശനമായി നടപ്പാക്കുമെന്ന് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര വ്യക്തമാക്കി.
പ്രായപൂർത്തീയാകാത്തവരെയോ സ്ത്രീകളെയോ പട്ടികജാതി/പട്ടികവർഗ്ഗത്തിൽ പെട്ടവരെയോ നിർബ്ബന്ധിത മത പരിവർത്തനത്തിന് വിധേയരാക്കിയതായി തെളിഞ്ഞാൽ പത്ത് വർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു.
വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും നിയമത്തിൽ വ്യക്തമാക്കുന്നു.
യുപിക്കും മധ്യപ്രദേശിനും പിന്നാലെ ഹരിയാനയും കർണ്ണാടകയും സമാനമായ നിയമ നിർമ്മാണം നടത്താൻ ഒരുങ്ങുകയാണ്.
Discussion about this post