തിരുവനന്തപുരം: കാരക്കോണത്ത് 52 വയസുള്ള സ്ത്രീ മരിച്ച സംഭവത്തിൽ 26 കാരനായ ഭർത്താവ് കസ്റ്റഡിയിൽ. ശനിയാഴ്ച പുലർച്ചെയോടെയാണ് ത്രേസ്യാപുരം സ്വദേശിനി ശാഖ കുമാരിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന സംശയത്തെ തുടർന്നാണ് ഭർത്താവ് ബാലരാമപുരം സ്വദേശി അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
രാവിലെയാണ് അരുൺ ശാഖാകുമാരിയേയും കൊണ്ട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. ആശുപത്രിയിലെത്തുന്നതിന് മണിക്കൂറുകൾക്ക് മുന്നേ മരണം സംഭവിച്ചിരുന്നു. വീട്ടിലെ വൈദ്യുതാലങ്കാരത്തില്‍ നിന്ന് ഷോക്കേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് അരുൺ അറിയിച്ചത്.
മരണത്തിൽ ഡോക്ടർമാർ സംശയമുന്നയിച്ചതോടെയാണ് പൊലീസ് അരുണിനെ കസ്റ്റഡിയിലെടുത്തത്. ശാഖാ കുമാരിയുടെ ബന്ധുക്കളും മരണത്തിൽ ദുരൂഹതയാരോപിക്കുന്നുണ്ട്. പൊലീസ് അരുണിനെ ചോദ്യംചെയ്ത് വരികയാണ്. ഫോറൻസിക് സംഘം ഇയാളുടെ വീട്ടിൽ പരിശോധന നടത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ വ്യക്തതക്കായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് കാത്തിരിക്കുകയാണ് പൊലീസ്.
രണ്ടു മാസം മുമ്പാണ് ശാഖാ കുമാരിയും അരുണും വിവാഹിതരായത്. സ്ത്രീയുടെ സ്വത്ത് മോഹിച്ചാണ് അരുൺ വിവാഹത്തിന് താൽപര്യം പ്രകടിപ്പിച്ചതെന്ന സംശയം ശാഖാ കുമാരിയുടെ ബന്ധുക്കൾക്കുണ്ടായിരുന്നു












