തിരുവനന്തപുരം: കേരള പോലീസിന്റെ തണ്ടർബോൾട്ട് സേനയ്ക്ക് മാവോയിസ്റ്റുകളെ അമർച്ച ചെയ്യാൻ 2 കവചിത വാഹനങ്ങളെത്തി. ലൈറ്റ് ആംഡ് ട്രൂപ്പ് കാരിയറെന്ന പുത്തൻ ബുള്ളറ്റ് പ്രൂഫ് വാഹനമാണ് തണ്ടർബോൾട്ട് സേനയ്ക്ക് വേണ്ടി വാങ്ങിയിരിക്കുന്നത്.
ഈ വാഹനത്തിൽ ഡ്രൈവറെ കൂടാതെ 11 പേർക്ക് സഞ്ചരിക്കാം. ലൈറ്റ് മെഷീൻ ഗണ്ണുകൾ എല്ലാവരുടെയും പക്കലുണ്ടാകും. ഈ വാഹനം ഏത് ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഓടിക്കാനാവുമെന്നതാണ് പ്രധാന സവിശേഷത. മാത്രമല്ല, സഞ്ചരിക്കുമ്പോൾ തന്നെ നാലു വശത്തുനിന്നും വെടിയുതിർക്കാം. അശോക് ലെയ്ലൻഡ് ആണ് വാഹനത്തിന്റെ നിർമ്മാതാക്കൾ. ഒരു ലൈറ്റ് ആർമേഡ് ട്രൂപ്പ് കാരിയർ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന് 62.44 ലക്ഷം രൂപ വില വരുന്നുണ്ട്.
ചെന്നൈയിൽ നിന്നും വാഹനങ്ങൾ രജിസ്ട്രേഷൻ നടപടികൾക്ക് പോലീസ് ആസ്ഥാനത്ത് എത്തിച്ചശേഷം മലബാർ മേഖലയ്ക്ക് കൈമാറും. ഇതാദ്യമായാണ് ഇത്തരം കവചിത വാഹനങ്ങൾ പോലീസ് സേനയ്ക്കായി വാങ്ങുന്നത്. രണ്ട് വാഹനങ്ങളും വാങ്ങിയത് പോലീസിന്റെ ആധുനികവൽക്കരണ ഫണ്ട് ഉപയോഗിച്ചാണ്.












