ചെന്നൈ: മനസ്സാക്ഷിയെ നടുക്കുന്ന പീഡനത്തിന്റെ കഥകൾ ചുരുളഴിയുന്നു. പതിനാറുകാരിയെ 200ലേറെ പേര്‍ക്കു പീഡിപ്പിക്കാൻ അവസരമൊരുക്കിയ സെക്സ് റാക്കറ്റ് വലയിൽ. തമിഴ്നാട് മധുരയിലാണു സ്ത്രീകളുടെ നേതൃത്വത്തിലുള്ള വന്‍ പെണ്വാണിഭ സംഘം പിടിയിലായത്.
അഞ്ചു സ്ത്രീകളെയും ഒരു പുരുഷനെയും തമിഴ്നാട് പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് മധുര തലക്കുളം പൊലീസ് ആറംഗ പെണ്‍വാണിഭ സംഘത്തെ വലയിലാക്കിയത്. മനുഷ്യക്കടത്ത് അന്വേഷിക്കുന്ന സംഘത്തിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍, ഒരുമാസത്തിലേറെ നീണ്ടുനിന്ന നീക്കങ്ങൾക്കൊടുവിലാണ് അറസ്റ്റ്. അന്നലക്ഷ്മി, സുമതി, അനാര്‍ക്കലി, തങ്കം, ചന്ദ്രകല, ശരവണപ്രഭു എന്നിവരാണു പിടിയിലായത്.
അച്ഛന്‍ മരിച്ച പതിനാറുകാരിയെയാണു വാണിഭ സംഘം ഇടപാടുകാർക്ക് എത്തിച്ചു നൽകിയിരുന്നത്. 12 വയസ്സ് മുതല്‍ അച്ഛന്റെ സഹോദരി 200ല്‍ അധികം പേർക്കു പെൺകുട്ടിയെ കൈമാറി. നാലുവര്‍ഷം മുമ്പ് പെണ്‍കുട്ടിയുടെ അച്ഛന്‍ മരിച്ചു. അമ്മയ്ക്കു മാനസിക ദൗര്‍ബല്യംകൂടി ആയതോടെ പെണ്‍കുട്ടിയുടെ സംരക്ഷണം അച്ഛന്റെ സഹോദരി അന്നലക്ഷ്മി ഏറ്റെടുത്തു. 12 വയസ്സായതോടെ ഇവർ പെൺകുട്ടിയെ ആവശ്യക്കാർക്ക് എത്തിച്ചു നൽകാൻ തുടങ്ങി.
പിന്നീട് കൂടുതല്‍ പണം ലക്ഷ്യമിട്ട് ലൈംഗിക തൊഴിലാളിയായ സുമതിയെന്ന സ്ത്രീയുടെ അടുത്തേക്ക് പെൺകുട്ടിയെ എത്തിച്ചു. പണവും മൊബൈല്‍ഫോണുകളും ആഡംബര വസ്തുക്കളും നൽകി പെൺകുട്ടിയുടെ നിഷ്കളങ്കത്വം മുതലെടുത്ത സംഘം പിന്നീട് ലോറിത്താവളങ്ങളിലും പാറമടകളിലും വരെ പെൺകുട്ടിയെ എത്തിച്ചു.
തുടർന്ന് സുമതി പെൺകുട്ടിയെ ഇടനിലക്കാരികളായ അനാര്‍ക്കലി, തങ്കം, ചന്ദ്രകല എന്നിവര്‍ക്കു കൈമാറി. ഇവരും പെൺകുട്ടിയെ പലയിടങ്ങളിൽ പലർക്കായി കാഴ്ചവെച്ചു. ഡ്രൈവറായ ശരവണപ്രഭു എന്നയാളുടെ ആംബുലന്‍സിലായിരുന്നു പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചിരുന്നത്.
പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത മുഴുവന്‍ ആളുകളെയും തിരിച്ചറിയാൻ ശ്രമം തുടങ്ങിയതായും സംഘത്തില്‍പെട്ട ഓട്ടോ ഡ്രൈവറായ ചിന്നതമ്പി കൂടി പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു. ഇതിനായി ഫോൺ റെക്കോർഡുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. നിലവിൽ പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്കുശേഷം സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയിരിക്കുകയാണെന്നും മധുര ഡെപ്യൂട്ടി കമ്മിഷണര്‍ ശിവപ്രസാദ് അറിയിച്ചു.
Discussion about this post