മുംബൈ: ശിവസേന നേതാവ് സഞ്ജയ് റാവത്തും ഭാര്യ വർഷ റാവത്തും കൂടുതൽ കുരുക്കിലേക്ക്. ഇവരുടെ അടുത്ത ബന്ധുവായ പ്രവീൺ റാവത്തിന്റെ 72 കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടു കെട്ടി. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
പി എം സി ബാങ്ക് തട്ടിപ്പ് കേസിൽ നേരത്തെ സഞ്ജയ് റാവത്തിന്റെ ഭാര്യയോട് ഹാജരാകാൻ നിരവധി തവണ ഇഡി ആവശ്യപ്പെട്ടിട്ടും അവർ കൂട്ടാക്കിയിരുന്നില്ല. നാലായിരം കോടി രൂപയുടെ അഴിമതിക്കേസാണ് നിലവിൽ ഇഡി അന്വേഷിക്കുന്നത്. പ്രവീൺ റാവത്തിന്റെ ഭാര്യയുമായി വർഷ റാവത്ത് അമ്പത് ലക്ഷം രൂപയുടെ ഇടപാടുകൾ നടത്തിയതായാണ് വിവരം.
2008- 2019 കാലഘട്ടത്തിൽ എച്ച് ഡി ഐ എൽ ഡയറക്ടർമാരായ സാരംഗ് വാധവാനും രാകേഷ് കുമാർ വാധവാനും ബാങ്കിനെ പറ്റിച്ച് 4335 കോടി രൂപ വായ്പയെടുത്തതായി കണ്ടെത്തിയിരുന്നു. ഇത് ബാങ്കിനെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസാണ് നിലവിൽ എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നത്.








