ഡൽഹി: അതിതീവ്ര കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച യുകെയിൽ നിന്നുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. ജനുവരി 8 മുതൽ നിയന്ത്രിതമായ രീതിയിൽ വിമാന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി അറിയിച്ചു.
ജനുവരി 23 വരെ ആഴ്ചയിൽ 15 ഫ്ലൈറ്റുകൾ മാത്രമേ സർവീസ് നടത്തൂ. ഡൽഹി, മുംബൈ, ബംഗലൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലേക്ക് മാത്രമേ സർവീസുകളുണ്ടാകൂ. മറ്റ് വിവരങ്ങൾ വ്യോമയാന അതോറിറ്റി പുറത്തുവിടുമെന്നും മന്ത്രി വ്യക്തമാക്കി.
കൊവിഡ് വൈറസിന്റെ അതിതീവ്ര വ്യാപനശേഷിയുള്ള രൂപാന്തരം പടരുന്നത് കണ്ടെത്തിയ സാഹചര്യത്തിൽ യുകെയിലേക്കുള്ള വിമാനസർവീസുകൾ ഡിസംബർ 23ന് കേന്ദ്ര സർക്കാർ നിർത്തി വെച്ചിരുന്നു. ഡിസംബർ 31 വരെയാണ് നിയന്ത്രണം ആദ്യം പ്രഖ്യാപിച്ചതെങ്കിലും പിന്നീടത് ജനുവരി 7 വരെ നീട്ടാൻ തീരുമാനിക്കുകയായിരുന്നു.
അതിതീവ്ര വ്യാപന ശേഷിയുള്ള കൊവിഡ് വൈറസിന്റെ പുതിയ രൂപാന്തരം സെപ്റ്റംബറിൽ യുകെയിൽ കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ ഇപ്പോൾ പുതിയ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 29 ആണ്.










