ഡൽഹി: ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്ക് ഹൃദയാഘാതമെന്ന് റിപ്പോർട്ട്. അദ്ദേഹത്തെ ഇന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കും.
ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗാംഗുലിയെ കൊൽക്കത്തയിലെ വുഡ്ലാൻഡ്സ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വീട്ടിൽ വ്യായാമം ചെയ്യുന്നതിനിടെയാണ് ഗാംഗുലിക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില ആശ്വാസകരമാണെന്നാണ് സൂചന.
വരാനിരിക്കുന്ന സയ്യദ് മുഷ്താഖലി ട്രോഫി ക്രിക്കറ്റ് മത്സരങ്ങളുടെ തയ്യാറെടുപ്പുകൾ വിലയിരുത്തുന്നതിനായി ഗാംഗുലി കഴിഞ്ഞയാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡൻസ് സന്ദർശിച്ചിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ചിരിക്കുന്ന ആഭ്യന്തര ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുന്നതിനായി കഴിഞ്ഞ കുറച്ച് ആഴ്ചകളായി അദ്ദേഹം കഠിന പരിശ്രമത്തിലായിരുന്നു.
കൊവിഡ് വ്യാപനത്തെ തുടർന്ന് അനിശ്ചിതത്വത്തിലായ ഐപിഎൽ മത്സരങ്ങൾ വിജയകരമായി യുഎഇയിൽ നടത്തിയ ഗാംഗുലിയുടെ സംഘാടക മികവ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐപിഎൽ മത്സരങ്ങൾ കൂടുതൽ ടീമുകളെ ഉൾപ്പെടുത്തി വിപുലമാക്കാനുള്ള ഗാംഗുലിയുടെ പദ്ധതിയും പ്രശംസ പിടിച്ചു പറ്റിയിരുന്നു. 2019 ഒക്ടോബർ മുതൽ അദ്ദേഹം ബിസിസിഐ പ്രസിഡന്റ് ആയി തുടരുകയാണ്.
Discussion about this post