ഡൽഹി: രണ്ട് വാക്സിനുകൾക്ക് ഒരേ സമയം അനുമതി നൽകുന്ന ലോകത്തിലെ ഒരേയൊരു രാജ്യമായി ഇന്ത്യ. ഇന്ത്യയുടെ നേട്ടത്തെ സ്വാഗതം ചെയ്യുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചു. വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വാക്സിൻ വിതരണ പദ്ധതിയാണെന്നും അതിനായി സജ്ജീകരണങ്ങൾ ദ്രുതഗതിയിൽ ഒരുങ്ങുന്നതായും കേന്ദ്രസർക്കാർ അറിയിച്ചു.
ഇന്ത്യയുടെ കൊവാക്സിൻ, കൊവിഷീൽഡ് എന്നീ വാക്സിനുകൾക്കാണ് അടിയന്തര സന്ദർഭങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി ലഭിച്ചിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ട്, ഭാരത് ബയോടെക് എന്നീ ഇന്ത്യൻ കമ്പനികൾ നിർമ്മിച്ച വാക്സിനുകളാണ് ഇവ.
ആവേശകരമായ പോരാട്ടത്തിലെ നിർണ്ണായക വഴിത്തിരിവ് എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ ഈ നേട്ടത്തെ വിശേഷിപ്പിച്ചത്. ആരോഗ്യകരമായ, കൊവിഡ് മുക്തമായ രാഷ്ട്രം എന്ന ലക്ഷ്യത്തിലേക്കുള്ള നിർണ്ണായക ചുവടു വയ്പാണ് ഇതെന്നും പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും രാജ്യത്തിനാകെയും നന്ദി അറിയിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
കൊവിഷീൽഡ് വാക്സിന് 70.42 ശതമാനം ഫലപ്രാപ്തി കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. രാജ്യത്താകമാനം കൊവിഡ് വാക്സിൻ വിതരണം സൗജന്യമായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. സൈഡസ് കാഡിലയുടെ സൈകോവ്-ഡി വാക്സിനും റഷ്യയുടെ സ്പുട്നിക് V വാക്സിനും ഉടൻ ഇന്ത്യയിൽ വിതരണത്തിന് സജ്ജമാകുമെന്നും ഇവയുടെ ട്രയൽ റൺ തുടരുകയാണെന്നും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവ്ദേക്കർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.








