ബര്ഘട്ട്: എന്‍.ഡി.എ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. എന്‍.ഡി.എ ഭരണത്തില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കുകയാണ്. കര്‍ഷകരെ അവഗണിക്കുന്ന ബി.ജെ.പിയും നരേന്ദ്രമോഡിയും പാവപ്പെട്ട കര്‍ഷകരുടെ കൃഷിഭൂമി തട്ടിയെടുത്ത് കോര്‍പറേറ്റുകള്‍ക്ക് നല്‍കാനാണ് ശ്രമിക്കുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കാതെയാണ് എന്‍.ഡി.എയുടെ നടപടിയെന്നും രാഹുല്‍ ആരോപിച്ചു. പശ്ചിമ ഒഡീഷയിലെ ദെബഹലില് ‘സേവ് കര്‍ഷക മാര്‍ച്ച്’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ നട്ടെല്ലായ കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടത്. നിര്‍ഭാഗ്യവശാല്‍ എന്‍.ഡി.എ സര്‍ക്കാര്‍ കര്‍ഷക സൗഹൃദമായ ഒരു ഒരു നടപടിയും സ്വീകരിക്കുന്നില്ല. വ്യാപം തട്ടിപ്പ്, ലളിത് മോഡി വിവാദം തുടങ്ങിയ വിഷയങ്ങളില്‍ മോഡി നിശബ്ദത പാലിക്കുകയാണ്. കര്‍ഷകരും, തൊഴിലാളികളും ആദിവാസികളും ഉള്‍പ്പെടുന്ന ദരിദ്ര ജനവിഭാഗം തങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാട്ടം തുടരണമെന്നും രാഹുല്‍ പറഞ്ഞു.
ഒഡീഷയില്‍ അടുത്തകാലത്ത് ആത്മഹത്യ ചെയ്ത കര്ഷകന് സനന്ദ് കത്തറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷമാണ് രാഹുലിന്റെ പദയാത്ര ആരംഭിച്ചത്. ഒരു വര്‍ഷം മുന്‍പ് മോഡി സര്‍ക്കാര്‍ അധികാരമേറ്റതു മുതല്‍ അവര്‍ കര്‍ഷകരെ അവഗണിക്കുകയാണ്. കര്‍ഷക ആത്മഹത്യകള്‍ വര്‍ധിക്കാന്‍ ഇത് ഇടയാക്കുന്നു. കര്‍ഷകരുടെ ക്ഷേമത്തിനായി മുന്‍ യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളും എന്‍.ഡി.എ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന് ആരോപിച്ച രാഹുല്‍ കോണ്‍ഗ്രസ് എപ്പോഴും കര്‍ഷകരുടെ താല്പര്യം സംരക്ഷിക്കുന്നതിനാണ് നിലനിന്നത്. യു.പി.എ കൊണ്ടുവന്ന ഭൂമി ഏറ്റെടുക്കല്‍ നടപടി തൃപ്തികരമായ നഷ്ടപരിഹാരം നല്‍കിക്കൊണ്ടായിരുന്നുവെന്നും വ്യക്തമാക്കി.
കര്‍ഷകരുമായി ആലോചിച്ച ശേഷമായിരുന്നു യു.പി.എ ഭൂമി ഏറ്റെടുക്കല്‍ നിയമം കൊണ്ടുവന്നത്. എന്നാല്‍ ബി.ജെ.പി കര്‍ഷകരുടെ താല്പര്യം പരിഗണിച്ചില്ല. മുന്‍ നിയമം അട്ടിമറിക്കാന്‍ രണ്ടു തവണ ഓര്‍ഡിനന്‍സ് ഇറക്കി. ദേശീയപാതകള്‍ക്ക് ഇരുവശങ്ങളിലുമുള്ള രണ്ടു കിലോമീറ്റര്‍ ഭൂമി ഏറ്റെടുക്കാനാണ് സര്‍ക്കാരിന്റെ നീക്കമെന്നും രാഹുല്‍ ആരോപിച്ചു.
Discussion about this post