കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ ജാമ്യം റദ്ദാക്കപ്പെട്ട താഹ ഫസൽ കീഴടങ്ങി. താഹയുടെ ജാമ്യം കഴിഞ്ഞ ദിവസം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ തുടർന്നാണ് ഇയാൾ കീഴടങ്ങിയത്.
സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായിരിക്കെയാണ് യുഎപിഎ ചുമത്തപ്പെട്ട് താഹ അറസ്റ്റിലായത്. താഹക്കെതിരായ യുഎപിഎ കേസ് പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതാണ് എന്ന് ഹൈക്കോടതി കണ്ടെത്തിയിരുന്നു. എൻ ഐ എയുടെ കണ്ടെത്തൽ ഫലത്തിൽ കോടതി അംഗീകരിക്കുകയായിരുന്നു.
കേസിൽ താഹക്കൊപ്പം അറസ്റ്റിലായ അലൈൻ ഷുഹൈബ് തത്കാലം ജാമ്യത്തിൽ തുടരും. ഇയാളുടെ പ്രായവും വിദ്യാർത്ഥിയെന്ന പരിഗണനയുമാണ് കോടതി മുഖവിലക്കെടുത്തത്.
താഹയുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കിയതോടെ പ്രതികൾക്ക് വേണ്ടി പരസ്യമായി രംഗത്തെത്തിയ ഇടത്- വലത് മുന്നണികൾ വീണ്ടും പ്രതിസന്ധിയിലായി. യുഡിഎഫിലെ ഏതാണ്ട് എല്ലാ കക്ഷികളും രാജ്യവിരുദ്ധ കുറ്റം ആരോപിക്കപ്പെട്ട പ്രതികൾക്ക് വേണ്ടി നിലപാടെടുത്തിരുന്നു. സിപിഐയും സിപിഎം നേതാക്കളായ എം എ ബേബിയും തോമസ് ഐസകും ഉൾപ്പെടെയുള്ളവരും ഇവർക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നിരുന്നു.
അതേസമയം ജാമ്യത്തിനായി സുപ്രീം കോടതിയെ സമീപിക്കുമെന്ന് കീഴടങ്ങിയ താഹ ഫസൽ അറിയിച്ചിട്ടുണ്ട്.








