തിരുവനന്തപുരം: മദ്യപരെ പിഴിയാൻ വീണ്ടും സംസ്ഥാന സർക്കാർ. സംസ്ഥാനത്ത് മദ്യവില വീണ്ടും വർദ്ധിപ്പിക്കാൻ ബെവ്കോ തീരുമാനിച്ചു. ബെവ്കോയുടെ തീരുമാനം സര്‍ക്കാര്‍ ഉടന്‍ അംഗീകരിച്ചാൽ നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങുന്ന മദ്യത്തിന് അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനയുണ്ടാകും. ആനുപാതികമായി നികുതിയും കൂടുന്നതോടെ മദ്യത്തിന് ലിറ്ററിന് കുറഞ്ഞത് നൂറു രൂപയെങ്കിലും വില വര്‍ദ്ധന ഉണ്ടാകുമെന്നാണ് വിവരം.
നേരത്തെ കൊവിഡ് കാലത്തെ വരുമാന നഷ്ടം കണക്കിലെടുത്ത് മദ്യത്തിന്‍റെ എക്സൈസ് നികുതി 35 ശതമാനം ഉയര്‍ത്തിയിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബെവ്കോ ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് വിതരണക്കാരില്‍ നിന്നും മദ്യം വാങ്ങുന്നതിനുള്ള അടിസ്ഥാന വിലയില്‍ 7 ശതമാനം വര്‍ദ്ധനക്ക് തീരുമാനമെടുത്തത്.
നയപരമായ കാര്യമായതിനാല്‍ അന്തിമ തീരുമാനം സംസ്ഥാന സർക്കാരിന്റേതായിരിക്കും. ഏതായാലും മദ്യപരുടെ കീശ വീണ്ടും ചോരുമെന്ന കാര്യം ഇതോടെ ഉറപ്പായി.












