ഡൽഹി: ഉപഭോക്താക്കളെ അപമാനിക്കുന്ന ഓൺലൈൻ ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ കർശന നടപടികളുമായി റിസർവ് ബാങ്ക്. മൊബൈൽ ആപ്പുകൾ വഴി നൽകുന്ന തത്സമയ ലോണുകളുടെ ഫണ്ടിന്റെ സ്രോതസ് അന്വേഷിക്കും. നിയമ പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാതെ ഇത്തരം ആപ്പുകളിലേക്ക് പണം ലഭ്യമാക്കുന്നതിനും പിൻവലിക്കുന്നതിനും ബാങ്കുകൾ അനുമതി നൽകിയിട്ടുണ്ടോയെന്നും റിസർവ് ബാങ്ക് അന്വേഷിക്കും.
മൊബൈൽ ആപ്പുകൾക്ക് ബാങ്കുകൾ വായ്പ നൽകിയിട്ടുണ്ടോയെന്നും ഉണ്ടെങ്കിൽ കൃത്യമായ നടപടി ക്രമങ്ങൾ പാലിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കും. ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ വഴി നേരിട്ടോ അല്ലാതെയോ വായ്പകൾ നൽകുന്നുണ്ടെങ്കിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരിക്കണമെന്നാണ് ബാങ്കുകൾക്കും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നേരത്തെ ആർബിഐ നിർദ്ദേശം നൽകിയിരുന്നു. 2020 ജൂണിൽ ഇത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കിയിരുന്നു.
മൊബൈൽ ആപ്പുകൾ വഴി ലോൺ നൽകി വഞ്ചിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് റിസർവ് ബാങ്ക് കർശന നടപടിക്ക് ഒരുങ്ങുന്നത്. വായ്പാ തിരിച്ചടവ് മുടങ്ങുന്ന ഉപഭോക്താക്കളുടെ മൊബൈൽ വിവരങ്ങൾ ചോർത്തി അതുപയോഗിച്ച് അവരുടെ കോൺടാക്ട് ലിസ്റ്റിൽ ഉള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തകയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുന്നതായി വ്യാപകമായി പരാതികൾ ഉയർന്നിരുന്നു. ഇത് മൂലം നിരവധി ചെറുപ്പക്കാർ ആത്മഹത്യ ചെയ്യുന്ന സാഹചര്യവും ഉണ്ടായിരുന്നു.
ഇത്തരം ആപ്പുകളിൽ ചൈനീസ് സാന്നിദ്ധ്യമുണ്ടെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഇത് എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്.
Discussion about this post