പാലക്കാട് നഗരസഭയിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ കൊടി കെട്ടിയത് ശനിയാഴ്ച രാത്രി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ നഗരസഭാ അധികൃതര്‍ക്ക് ലഭിച്ചു. മധ്യവയസ്കനായ ഒരാളാണ് കൊടി കെട്ടിയത്. ദൃശ്യങ്ങള്‍ നാളെ പൊലീസിന് കൈമാറുമെന്ന് അധികൃതര്‍ അറിയിച്ചു. പ്രതിയെ കുറിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഇതിനായി സമീപ പ്രദേശങ്ങളിലെ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിക്കും.
അതേസമയം, സംഭവത്തില്‍ പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് കേസെടുത്തു. നഗരസഭാ സെക്രട്ടറിയുടെ പരാതിയെ തുടര്‍ന്നാണ് നടപടി.നഗരസഭയില്‍ സ്റ്റാന്റിംഗ് കമ്മറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെയായിരുന്നു നഗരസഭ വളപ്പിലെ ഗാന്ധി പ്രതിമയില്‍ ബിജെപിയുടെ പതാക ശ്രദ്ധയില്‍പ്പെട്ടത്. ഗാന്ധി പ്രതിമയുടെ കഴുത്തില്‍ കെട്ടിയ നിലയിലായിരുന്നു ബിജെപിയുടെ കൊടി.
read also: കൊവിഡ് വാക്സിന്; ശീതീകരിച്ച ട്രക്കുകളില്‍ ആദ്യ ലോഡ് പുറപ്പെട്ടു
സംഭവം വിവാദമായതോടെ പ്രതിഷേധവുമായി കെഎസ്യു പ്രവര്‍ത്തകര്‍ രംഗത്തെത്തി. പ്രതിമയ്ക്ക് ചുറ്റും സമര വലയം തീര്‍ത്തും ഗാന്ധിക്ക് പൂമാലയിട്ടും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും പ്രതിഷേധിച്ചു. സംഭവവുമായി തങ്ങള്‍ക്ക് ഒരു ബന്ധവുമില്ലെന്നായിരുന്നു ബിജെപി പ്രവര്‍ത്തകരുടെ പ്രതികരണം. ഗാന്ധിയുടെ കഴുത്തില്‍ ബിജെപി കൊടി കെട്ടിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
Discussion about this post