ശ്രീനഗര്‍ : ജമ്മുകാശ്മീരില്‍ ബീഫ് നിരോധിച്ച ഹൈക്കോടതി ഉത്തരവിനെതിരെ ശ്രീനഗറില്‍ വന്‍ അക്രമം. നൗഹാട്ടനിലെ ജാമിയ മസ്ജിദിന് സമീപമാണ് കല്ലേറും അക്രമവും നടന്നത്. വെള്ളിയാഴ്ച ഉച്ചപ്രാര്‍ത്ഥനയ്ക്കു ശേഷം പുറത്തിറങ്ങിയ ഒരു സംഘം യുവാക്കള്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പ്രതിഷേധക്കാര്‍ ഐസിസിന്റെയും പാകിസ്ഥാന്റെയും പതാകകള്‍ വീശി. ലഷ്കര്‍ ഭീകരന് ഹാഫിസ് സയീദിന്റെയും ഹിസ്ബുള്‍ ഭീകരന് ബുര്‍ഹാന്‍ മുസാഫറിന്റെയും ചിത്രങ്ങള്‍ പതിച്ച പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തുകയുണ്ടായി. അതേസമയം, ഇന്ത്യന്‍ പതാക കത്തിച്ചതായും റിപ്പോര്‍ട്ടുണ്ട്. സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാര്‍ക്കു നേരെ രൂക്ഷമായ
കല്ലേറുണ്ടായി. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. സ്ഥലത്ത് രാത്രി വൈകിയും സംഘര്‍ഷാവസ്ഥ തുടരുകയാണ്.
നൗഹാട്ടാ ചൗക്കിലേക്ക് പ്രകടനമായി നീങ്ങാനുള്ള
പ്രതിഷേധക്കാരുടെ പദ്ധതി സ്ഥലത്ത് വിന്യസിച്ചിരുന്ന പൊലീസ്-അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍ തടഞ്ഞതാണ് കല്ലേറിലേക്കും സംഘര്‍ഷത്തിലേക്കും നയിച്ചത്. ഹുറിയത്ത് കോണ്‍ഫറന്‍സിന് സ്വാധീനമുള്ള മേഖലയാണ് നൗഹാട്ടന്.
പുല്‍വാമാ ടൗണിലും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പ്രതിഷേധത്തിന് നേതൃത്വം നല്കിയ ഹുറിയത്ത് നേതാവ് ഷാബിര്‍ അഹമ്മദ് ഷായെ പൊലീസ് അറസ്റ്റ് ചെയ്തതാണ് സംഘര്‍ഷങ്ങള്‍ക്ക് കാരണം. അറസ്റ്റ് തടഞ്ഞ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതകവും പ്രയോഗിച്ചു.
ബീഫ് നിരോധനത്തിനെതിരെ ശക്തമായ പ്രതിഷേധ സമരങ്ങള്‍ സംഘടിപ്പിക്കാന്‍ കാശ്മീര്‍ വിഘടനവാദി നേതാക്കള്‍ ആഹ്വാനം ചെയ്തിരുന്നു. ഹുറിയത്ത് കോണ്‍ഫറന്‍സ് ശനിയാഴ്ച സംസ്ഥാനത്ത് ബന്ദ് പ്രഖ്യാപിച്ചിരിക്കുകയാണ്.
Discussion about this post